സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടത്താനം ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാനികേതന്‍ ആന്റ് ജൂനിയര്‍ കോളജില്‍ ബോധവല്‍ക്കരണ പരിപാടി
കങ്ങഴ: സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍', എക്‌സൈസ് വകുപ്പിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍' എന്നിവയുടെ ഭാഗമായി മുണ്ടത്താനം ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാനികേതന്‍ ആന്റ് ജൂനിയര്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയകള്‍ക്കെതിരെയും സിന്തറ്റിക് ലഹരി മരുന്നുകളുടെ ഭീഷണികള്‍ക്കെതിരെയും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിവരവ് ക്രമീകരിച്ചത്.
വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കണമെന്നും പ്രലോഭങ്ങളില്‍ വീഴാതെ ലഹരി വേണ്ടാ എന്ന് പറയാന്‍ ശീലിക്കണമെന്നും അധ്യാപിക റോസമ്മ സിറിയക് ലഹരി വിരുദ്ധ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
വിദ്യാര്‍ത്ഥികളോട് സംവദിച്ച സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് ദേവസി ലഹരി വരുത്തുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവരെക്കൂടി ചേര്‍ത്ത് പിടിച്ച് ബോധവത്കരണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ലഹരി ഉപയോഗത്തിന്റെ ഭീകരത കുട്ടികള്‍ മനസ്സിലാക്കുന്നതിനായി പ്രത്യേക വീഡിയോ പ്രദര്‍ശനം നടന്നു. വിദ്യാര്‍ത്ഥി പ്രതിനിധി ഫിയോണ തങ്കം തോമസ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി ഏറ്റുചൊല്ലി. ലഹരി പദാര്‍ത്ഥങ്ങളോട് വിട പറഞ്ഞ് ജീവിതം തുടരാം എന്ന ആഹ്വാനവുമായി 'Yes to Life, No to Drugs' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ബോധവത്ക്കരണ പരിപാടിക്ക് തിരശീല വീണത്.