മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ. സഭയുടെ ഭവനദാന പദ്ധതി പൂര്‍ത്തിയായി; 8 കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങള്‍ പ്രതിഷ്ഠിച്ചു നല്‍കി
മുണ്ടക്കയം: മലയോരമേഖലയുടെ വികസനത്തിന് തുടക്കമിട്ട മിഷനറിമാരുടെ വിലയേറിയ സേവനങ്ങളുടെ സ്മരണയില്‍ മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ. ഇടവക അതിന്റെ നൂറ്റി എഴുപത്തിയഞ്ചാമത് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ആസൂത്രണം ചെയ്ത ഭവനദാനപദ്ധതി ഭംഗിയായി പൂര്‍ത്തീകരിച്ചു.
ഭവനരഹിതരായ 8 കുടുംബങ്ങള്‍ക്കായി ഇപ്രകാരം നിര്‍മ്മിച്ച ഭവനങ്ങളുടെ പ്രതിഷ്ഠാശുശ്രൂഷയ്ക്കും പൊതുസമ്മേളനത്തിനും നേതൃത്വം നല്‍കി ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. ഈസ്റ്റ്‌കേരള മഹായിടവക മുന്‍ അധ്യക്ഷന്‍ അഭിവന്ദ്യ കെ.ജി. ഡാനിയേല്‍ തിരുമേനിയും സന്നിഹിതനായിരുന്നു.
ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ ഏതാണ്ട് 177 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചാപ്പല്‍ നിലനിന്ന ഇടത്തുതന്നെയാണ് തന്റെ സ്വന്തം കുഞ്ഞിനെ അടക്കം ചെയ്തതും. അതിന്റെ സമീപെയുള്ള സ്ഥലം മുണ്ടക്കയം ഇടവക വാങ്ങുകയും അവിടെ മേല്‍പ്പറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുകയും ചെയ്തു.
പ്രസ്തുത ഹൗസിംഗ് കോംപ്ലക്‌സിന്റെ മദ്ധ്യഭാഗം ഒരു ചാപ്പലായി കൂടി ക്രമീകരിച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോടിയില്‍പ്പരം രൂപ ഇടവക കണ്ടെത്തുകയും പ്രസ്തുത പദ്ധതി മനോഹരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. അതുല്യമായ ഈ പ്രവര്‍ത്തനം നടത്തിയ ഇടവകയ്ക്ക് മഹായിടവകയുടെ അഭിനന്ദനങ്ങള്‍.
സ്തുത്യര്‍ഹമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച ഇടവകവികാരി റവ. ജോണ്‍ ഐസക്ക്, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ബോബിന മാത്യൂസ്, ജൂബിലി സെക്രട്ടറി ആഷാ ബിനു, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ബിഷപ്പ് അഭിനന്ദിച്ചു.