മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാരി സയീദ് അബ്ദുൽ അസീസ് ഇസ്ലാമാബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

 
del

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളും നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറുമായ ഖാരി സയീദ് അബ്ദുൽ അസീസ് പാകിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഇസ്ലാമാബാദിലെ ഖുബാ മസ്ജിദിന്റെ കവാടത്തിൽ വെച്ച് കുഴഞ്ഞുവീണ ഇയാൾ, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെടുകയായിരുന്നു. 

മരണത്തിന് പിന്നിൽ വിഷം ഉള്ളിൽ ചെന്നതാണെന്ന് ശക്തമായ സംശയമുണ്ട്.ഓഗസ്റ്റ് 8-നായിരുന്നു സംഭവം. നിസ്കാരത്തിനായി മസ്ജിദിലെത്തുന്നതിന് തൊട്ടുമുമ്പ് ഖാരി സയീദ് പരിചയമില്ലാത്ത ഒരു പ്രദേശത്തെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ഖുബാ മസ്ജിദിന്റെ കവാടത്തിലെത്തിയ ഇയാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.  

ലഷ്‌കർ-ഇ-തൊയ്ബയിൽ കൊല്ലപ്പെടുന്ന ഭീകരരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും പെൻഷനും എത്തിക്കുന്ന 'ഷോബെ-വര്സ-എ-ശുഹാദ' എന്ന വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ്. ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ വധിക്കപ്പെടുന്ന ഭീകരരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ് ഇയാൾ.

കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ പാകിസ്താനിലെ വിവിധ ഇടങ്ങളിൽ വെച്ച് ലഷ്‌കറിന്റെയും മറ്റ് ഭീകര സംഘടനകളുടെയും മുതിർന്ന 30-ലധികം ഭീകരർ ‘അജ്ഞാതരുടെ’ വെടിയേറ്റും അല്ലാതെയുമുള്ള ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ലഷ്‌കർ നേതാവ് റിസ്വാൻ ഹനീഫിന്റെ വെളിപ്പെടുത്തൽ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യസൂത്രധാരനായ ഖാരി സയീദിന്റെയും ദാരുണ അന്ത്യം.

Tags

Share this story

From Around the Web