കൊച്ചിയില്‍ ബീഫ് വില്‍ക്കുന്നുവെന്ന് മുംബൈ സ്വദേശി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത പോസ്റ്റിന്റെ കമന്റില്‍ 'ബീഫ് 'പൊങ്കാല', യമ്മി ബീഫ് എന്ന കമന്റ് ആണ് ഭൂരിഭാഗവും
 

 
yummy beef

കൊച്ചി: കൊച്ചിയിലെ പ്രാദേശിക വഴിയോര ഭക്ഷണശാലയില്‍ പരസ്യമായി ബീഫ് വില്‍ക്കുന്നുവെന്ന മുംബൈ സ്വദേശിയുടെ സോഷ്യല്‍മീഡിയ പോസ്റ്റിന് താഴെ മലയാളികളുടെ ബീഫ് പൊങ്കാല. ഞങ്ങള്‍ മലയാളികള്‍ ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും ഇത് യുപിയല്ല കേരളമാണെന്നുമുള്ള തരത്തിലുള്ള കമന്റുകളാണ് യുവാവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിറയുന്നത്.
''കേരളത്തിലെ കൊച്ചിയില്‍ ഞാന്‍ ഇപ്പോള്‍ നേരില്‍ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയില്‍ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വില്‍ക്കുന്നതിന്റെ ചിത്രമാണിത്. ഹൈന്ദവ പാരമ്പര്യത്തിലും ഗോമാതാവിനോടുള്ള ആദരവിലും ആഴത്തില്‍ വേരൂന്നിയ ഒരു രാജ്യത്ത്, നമ്മുടെ തെരുവുകളില്‍ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്.


നമ്മുടെ പവിത്രമായ മൂല്യങ്ങളെ മാനിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഈ വിഷയം ശ്രദ്ധിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ ഒരു സമീപനം അനിവാര്യമാണ്'' എന്നായിരുന്നു iamsharmasanjay എന്ന വ്‌ലോഗറുടെ കുറിപ്പ്. ഒപ്പം ഹോട്ടലിന്റെ ഫോട്ടോയും മെനു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡിന്റെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

യമ്മി ബീഫ് എന്ന കമന്റ് ആണ് ഭൂരിഭാഗവും. ഒപ്പം ബീഫ് ഉണ്ടാക്കുന്നതിന്റെ വീഡിയോയും ബീഫ് പ്രേമികള്‍ പങ്കുവെച്ചിട്ടുണ്ട്. '' മോദിയുടെ നേതൃത്വത്തിന് കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ കയറ്റുമതിയുടെ വലിയൊരു പങ്കും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശില്‍ നിന്നാണ് സംഭാവന ചെയ്യുന്നതെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം.' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു. വീട്ടില്‍ ബീഫ് കഴിക്കാമെന്നും പരസ്യമായി കഴിക്കരുതെന്നുമാണ് അസം മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നായിരുന്നു ഒരു കമന്റ്.

Tags

Share this story

From Around the Web