മുംബൈ ഒറ്റപ്പെട്ടു. റോഡ്-റെയില്‍ ഗതാഗതം സ്തംഭിച്ചു. നഗരത്തില്‍ അതീവ ജാഗ്രത

 
mumbai rain



തുടര്‍ച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴയില്‍ മുംബൈയും പരിസരപ്രദേശങ്ങളും ദുരിതത്തിലായതോടെ നഗരം പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 


മുംബൈയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ്-റെയില്‍ ഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നു. 

മുംബൈ-അഹമ്മദാബാദ് ഹൈവേയിലും കൊങ്കണ്‍ പാതയിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളമായി കുടുങ്ങിക്കിടക്കുന്നത്. റെയില്‍വേ പാതകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ പൂനെ-മുംബൈ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ഗുജറാത്തില്‍ നിന്നുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

മുംബൈ, പൂനെ മേഖലകളില്‍ മഴക്കെടുതികളില്‍പ്പെട്ട് ഇതുവരെ 13 പേര്‍ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്‍ സ്ഥിരീകരിച്ചു. 

പൂനെയിലെ മാവലില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നും ഖേദില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരണങ്ങള്‍ സംഭവിച്ചത്. കൂടാതെ താനെ, പാല്‍ഘര്‍ ജില്ലകളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഈ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭയുടെ ഇരുസഭകളും താത്കാലികമായി നിര്‍ത്തിവെച്ചു. 

യാത്രാദുരിതം കണക്കിലെടുത്ത് കോടതിയില്‍ ഹാജരാകാത്ത അഭിഭാഷകര്‍ക്കെതിരെ അനുകൂലമല്ലാത്ത നടപടികള്‍ സ്വീകരിക്കില്ലെന്ന് ബോംബെ ഹൈക്കോടതി ഉറപ്പുനല്‍കിയിട്ടുണ്ട്. 

മുംബൈ, താനെ, റായ്ഗഡ്, നാസിക് എന്നീ പ്രദേശങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags

Share this story

From Around the Web