മുംബൈ ക്രൈംബ്രാഞ്ച് ചമഞ്ഞ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 1.35 കോടി രൂപ,കുതിരവട്ടം സ്വദേശിക്കാണ് പണം നഷ്ടമായത്

 
Cyber thattipp


കോഴിക്കോട്: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍നിന്ന് 1.35 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുതിരവട്ടം സ്വദേശിയായ 57 വയസ്സുകാരിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 22 മുതല്‍ ഈ മാസം 15 വരെ രണ്ട് നമ്പറുകളില്‍നിന്ന് വാട്‌സാപ്പ് വഴി നിരന്തരം ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്.

വീട്ടമ്മയുടെ പേരില്‍ വ്യാജമായി സിംകാര്‍ഡുകള്‍ എടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതിലൂടെയുള്ള പണം ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നുമാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പരിശോധനയ്ക്കായി കൈമാറണമെന്നും തുക പരിശോധിച്ച ശേഷം മുതലും പലിശയും സഹിതം തിരികെ നല്‍കാമെന്നും സംഘം ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച വീട്ടമ്മ മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 13 തവണകളായി ആകെ 1,35,14,000 രൂപ സംഘത്തിന് കൈമാറുകയായിരുന്നു.


പിന്നീട് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടമ്മ കോഴിക്കോട് സൈബര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഐടി ആക്ട് എന്നിവയിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ വി. അനീഷിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. വാട്‌സാപ്പ് അക്കൗണ്ടുകളുടെ ഐപി അഡ്രസ് ശേഖരിക്കുന്നതിനായി മെറ്റ കമ്പനിയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ്, അസം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ കെവൈസി വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൈബര്‍ പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web