കര്‍ണാടകയില്‍ ഒരേ വ്യക്തിക്ക് ഒന്നിലധികം വോട്ടര്‍ ഐഡി; എസ്‌ഐആറില്‍ വീഴ്ച സമ്മതിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

 
VOTER ID



ബംഗളൂരു: കര്‍ണാടകയിലെ എസ്‌ഐആറിന് പിന്നാലെ വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകള്‍. ഒരാള്‍ക്ക് ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളും ഒരേ വോട്ടറുടെ പേര് തന്നെ രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തി. വീഴ്ച സമ്മതിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, വോട്ടര്‍മാരുടെ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചയാണ് കാരണമെന്നാണ് വിശദീകരിക്കുന്നത്.

വോട്ടര്‍ പട്ടിക പുതുക്കല്‍ വേളയില്‍ ചില അപേക്ഷകര്‍ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ വഴി ഒന്നിലധികം ഫോം 6 അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷകള്‍ ഓരോന്നും സ്വതന്ത്രമായി പ്രൊസസ് ചെയ്തതോടെ ഒരേ വ്യക്തിക്ക് തന്നെ വ്യത്യസ്ത എപിക് നമ്പറുകള്‍ സാങ്കേതികമായി ജനറേറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്.

താമസം പുതിയ മണ്ഡലത്തിലേക്ക് മാറ്റിയ വോട്ടര്‍മാരുടെ ഫോം 8 അപേക്ഷകള്‍ അംഗീകരിച്ച് അവരെ പുതിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, പഴയ മണ്ഡലത്തില്‍ നിന്നും പേര് ഒഴിവാക്കാനായി സമര്‍പ്പിച്ച ഫോം 7 അപേക്ഷകള്‍ തീര്‍പ്പാക്കാതെ ശേഷിച്ചവെന്നും ഇതോടെ ഇവരുടെ പേരുകള്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ ഒരുപോലെ നിലനില്‍ക്കുന്ന സാഹചര്യമുണ്ടായെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. 

തിരുത്തലുകള്‍ക്കും തുടര്‍പരിശോധനകള്‍ക്കുമായി വിഷയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, അഡീഷണല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ടെന്ന് സിഇഒ ഓഫീസ് വ്യക്തമാക്കി.


അതേസമയം എങ്ങനെയൊക്കെ ബാധിച്ചുവെന്നും, വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യേണ്ട ഇരട്ട എന്‍ട്രികളുടെ കൃത്യമായ കണക്കോ, തിരുത്തലുകള്‍ എന്ന് പൂര്‍ത്തിയാകുമെന്നോ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയിട്ടില്ല.

Tags

Share this story

From Around the Web