അര്‍ത്തുങ്കല്‍ പള്ളി പെരുന്നാള്‍ സുരക്ഷയ്ക്ക് മഫ്തി പൊലീസിനെ വിന്യസിക്കും
അര്‍ത്തുങ്കല്‍: സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ എഡിഎം ആശാ സി എബ്രഹാം അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ തീരുമാനം.
ജനുവരി 10 മുതല്‍ 27 വരെയാണ് പെരുന്നാള്‍. ഈ ദിവസങ്ങളില്‍ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പൊലീസിനെ വിന്യസിക്കാനും വ്യാപാരികള്‍ക്കായി പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് എഡിഎം നിര്‍ദ്ദേശം നല്‍കി.
തിരക്ക് നിയന്ത്രിക്കുന്നതിന് ചേര്‍ത്തലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സെന്റ് ജോര്‍ജ് പള്ളി മൈതാനത്തും ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പിഎച്ച്‌സിയുടെ മുന്നിലുള്ള മൈതാനത്തും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.
തീര്‍ത്ഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിദിന അണുനശീകരണവും ഫോഗിങ്ങും നടപ്പാക്കും. കൂടാതെ പ്രധാന തിരുനാള്‍ ദിനങ്ങളായ ജനുവരി 9, 17, 18, 19, 20, 27 എന്നീ ദിവസങ്ങളില്‍ പ്രധാന വകുപ്പുകളായ റവന്യൂ, പൊലീസ്, എക്‌സൈസ്, ഹെല്‍ത്ത്, കെഎസ്ആര്‍ടിസി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫയര്‍ ഫോഴ്‌സ്, ലൈഫ് ഗാര്‍ഡ് എന്നിവ ഉള്‍പ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തനും തീരുമാനിച്ചു.
പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അഭിനയ, ചേര്‍ത്തല തഹസില്‍ദാര്‍ എസ് ഷീബ, റെക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്‍ തയ്യില്‍, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടോള്‍സണ്‍ പി ജോസഫ്, ചേര്‍ത്തല എക്‌സൈസ് ഓഫീസര്‍ സി എസ് സുനില്‍കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.