സുഡാനി അഭയാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തു: സമ്മതിച്ച് എം.എസ്.എഫ്

 
Sudan

ആഭ്യന്തരയുദ്ധത്തെ തുടർന്ന് സുഡാനിൽ നിന്നും പലായനം ചെയ്ത അഭയാർഥികളെ തങ്ങളുടെ ജീവനക്കാർ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ചാരിറ്റി സംഘടനയായ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ (MSF) സമ്മതിച്ചു. കിഴക്കൻ ചാഡിലെ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 59 സുഡാനി അഭയാർഥികളാണ് ക്രൂരമായ ചൂഷണത്തിന് ഇരയായത്.

ഭക്ഷണവും ജോലിയും വാഗ്ദാനം ചെയ്താണ് സംഘടനയിലെ ജീവനക്കാർ അഭയാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തത്. 2024-ലാണ് ഈ സംഭവങ്ങൾ നടന്നിട്ടുള്ളത്. സംഘടനയുടെ തന്നെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. മനുഷ്യക്കടത്തിന് സമാനമായ രീതിയിലുള്ള ചൂഷണങ്ങളാണ് ക്യാമ്പുകളിൽ നടന്നതെന്ന് ജൂലൈയിൽ തയ്യാറാക്കിയ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 18 ജീവനക്കാരെ പിരിച്ചുവിട്ടതായി എം.എസ്.എഫ് അറിയിച്ചു. എന്നാൽ, കുറ്റാരോപിതരായ മറ്റുള്ളവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് സംഘടന പറയുന്നത്. തങ്ങൾക്ക് ലഭിക്കേണ്ട അത്യാവശ്യ സഹായങ്ങളും ഭക്ഷണവും നിഷേധിക്കപ്പെടുമോ എന്ന ഭയം കാരണം പല ഇരകളും ഈ അതിക്രമങ്ങൾ പുറത്തുപറയാൻ മടിച്ചതായും റിപ്പോർട്ടിലുണ്ട്. പരാതി നൽകിയവർക്ക് കൃത്യമായ മറുപടിയോ പിന്തുണയോ നൽകാൻ സംഘടനയുടെ ഔദ്യോഗിക സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്നും എം.എസ്.എഫ് സമ്മതിച്ചു. “ഈ സംഭവം എം.എസ്.എഫിന്റെ മൂല്യങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും മേലുള്ള ഗുരുതരമായ ലംഘനമാണ്. ഇതിലൂടെ ഉണ്ടായ ദ്രോഹങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു,” എന്ന് സംഘടന പ്രതികരിച്ചു.

Tags

Share this story

From Around the Web