മദ്യപിച്ച് വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം. നടപടികൾ ഗതാഗത വകുപ്പുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സർക്കാർ ചർച്ചകൾ നടത്തിവരികയാണ്.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം രാത്രികാലങ്ങളിൽ പ്രത്യേക കോംബിംഗ് ഓപ്പറേഷൻ നടത്തി പരിശോധനകൾ കടുപ്പിക്കും. മദ്യപിച്ച് വാഹനമോടിച്ചതിന് ഇതുവരെ 17,000-ത്തോളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
കാൽനടയാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് സംരക്ഷണം നൽകാൻ സർക്കാരും പോലീസും ബാധ്യസ്ഥരാണ്. വാഹനാപകടങ്ങൾ തടയുന്നതിനായി ബോധവൽക്കരണവും ട്രാഫിക് പരിശീലനവും ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. റോഡുകളിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവർക്കെതിരെ ഓപ്പറേഷൻ തൂഫാന്റെ മാതൃകയിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ കെയർ' നവംബർ 16 മുതൽ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും പുനരധിവാസവും നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാനത്തെ 35-ഓളം പ്രമുഖ ആശുപത്രികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരുടെ യോഗം ഉടൻ തിരുവനന്തപുരത്ത് ചേരും. നിലവിൽ പോലീസ് ഡി-അഡിക്ഷൻ സെന്ററുകൾ വഴി നിരവധി പേരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂർണ്ണ പിന്തുണയോടെ മുന്നോട്ടുപോകുന്ന ഓപ്പറേഷൻ തൂഫാനിലൂടെ വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലായതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ 35 ശതമാനം കുറവുണ്ടായതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
റോഡപകടങ്ങളും പ്രാദേശിക സംഘർഷങ്ങളും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിച്ചുവെന്നും, യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ കർമ്മപദ്ധതികളുമായി ഓപ്പറേഷൻ തൂഫാൻ തുടർച്ചയായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.