സഭയുടെ ക്രൈസ്തവ ആഗോളപരതയ്ക്ക് സാക്ഷ്യം വഹിച്ചും സംവാദങ്ങൾ പ്രോത്സാഹിപ്പിച്ചും മുന്നോട്ട് പോവുക: കൊളോൺ രൂപതയോട് ലിയോ പതിനാലാമൻ പാപ്പാ

 
Lo

ജർമനിയിലെ കൊളോൺ അതിരൂപതയുടെ "ആഗോളസഭയ്ക്കും സംവാദങ്ങൾക്കും വേണ്ടിയുള്ള" "വെൽറ്റ് കിർഹെ ഉന്റ് ദിയലോഗ്" (Weltkirche & Dialog) ഓഫീസിന്റെ അൻപതാം സ്ഥാപനവർഷികത്തിൽ, അതിലെ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ ഏപ്രിൽ 30 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. കർത്താവിന്റെ തിരുവുത്ഥാനത്തിൽ സന്തോഷിക്കുകയും, പെസഹാരഹസ്യത്തിൽ ആരംഭിക്കുന്ന നവജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നവീകരിക്കുകയും ചെയ്യുന്ന ഒരു പെസഹാക്കാലത്താണ് ഈയൊരു സംഗമം നടക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

സഭയുടെ ആഗോളപരതയും, സംവാദങ്ങളുടെ പ്രാധാന്യവും വിചിന്തനം ചെയ്യാനുള്ള ഉചിതമായ സമയമാണിതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിൽ, സഭ, താൻ എല്ലാ ജനതകളിലേക്കും എത്തിച്ചേരാനായി അയക്കപ്പെട്ടവളാണെന്ന ബോധ്യം സ്വന്തമാക്കുന്നുണ്ടെന്നും, ഈയൊരു ഉത്തരവാദിത്വം പൂർത്തിയാക്കപ്പെടുന്നത് മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടല്ല, സ്നേഹത്തോടെ സത്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണെന്നും ഉദ്‌ബോധിപ്പിച്ചു.

സംവാദങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, അത് ഐക്യത്തെ ശക്തിപ്പെടുത്താനും, പരസ്പരം മനസ്സിലാക്കലിന്റെ മാർഗ്ഗങ്ങൾ തുറക്കുന്നതിനും, സമാധാനകാര്യങ്ങൾക്കായുമാണ് ഉപകാരപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചു. സഭയെ ഐക്യത്തിന്റെയും, ലോകത്തിനുള്ള പ്രത്യാശയുടെയും അടയാളമാക്കി മാറ്റിക്കൊണ്ടാണ് ക്രിസ്തു ഏവരെയും തന്നിലേക്ക് ആകർഷിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

1954-ൽ കൊളോൺ അതിരൂപത, കർദ്ദിനാൾ ജോസഫ് ഫ്രിങ്സിന്റെ മേൽനോട്ടത്തിൽ, ജപ്പാനിലെ ടോക്കിയോ അതിരൂപതയുടെ പങ്കാളിത്തത്തോടെ പങ്കുവയ്ക്കലിന്റെയും ജനതകൾക്കും സംസ്കാരങ്ങൾക്കും ഇടയിലുള്ള സംവാദത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജെർമനിയിൽ ആദ്യമായി, ഒരു സംവിധാനം സ്ഥാപിച്ചത് അനുസ്മരിച്ച പാപ്പാ, ഇത് സഭയുടെ ആഗോളപരതയുടെ പ്രവാചകപരമായ ഒരു ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് മിസെരെയോർ (Misereor), അദ്വേനിയാത് (Adveniat), തുടങ്ങിയ സഹായസഹകരണപ്രസ്ഥാനങ്ങളും, 1976-ൽ വെൽറ്റ്കിർഹെ-വെൽമിഷനും (Weltkirche-Welmission) അതിരൂപത തുടങ്ങി. സഭയുടെ ആഗോളപരതയും, യൂറോപ്പിന് പുറത്തേക്ക് പോലുമുള്ള ഐക്യദാർഢ്യവും മുന്നോട്ട് വയ്ക്കുന്ന നിങ്ങളുടെ കാഴ്ചപ്പാട്, ഈ സംരംഭത്തിന്റെ സത്വം വ്യക്തമാക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു.

പൗരസ്ത്യസഭകളെ സഹായിക്കുന്നതിന് വേണ്ടിയുള്ള റൊവാക്കോ (ROACO) പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒന്നായി കൊളോൺ അതിരൂപത മാറിയതും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.  താൻ പെറുവിൽ മെത്രാനായിരുന്ന കാലത്ത്, കൊളോൺ അതിരൂപത തങ്ങൾക്ക് സഹായമേകിയിരുന്നതും പാപ്പാ എടുത്തുപറഞ്ഞു.

വിവിധ കാരുണ്യ, സഹായ പ്രവർത്തനങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും, ഉദാരമായ ശുശ്രൂഷകളിലൂടെയും, സഭയുടെ ആഗോളപരതയാണ് നിങ്ങൾ സമൂർത്തമായി വ്യക്തമാക്കുന്നതെന്ന്  പ്രസ്താവിച്ച പാപ്പാ, ഈ വലിയ പൈതൃകത്തിന് ഹൃദയപൂർവ്വം നന്ദി പറഞ്ഞു. യുദ്ധങ്ങളും അക്രമങ്ങളും ദാരിദ്ര്യവും മൂലം അനേകം ക്രൈസ്തവർ തങ്ങളുടെ നാടും രാജ്യവും വിട്ട് പോകാൻ നിർബന്ധിതരാകുന്ന ഇക്കാലത്ത്, അതിരൂപതയും അതിലെ "വെൽറ്റ് കിർഹെ ഉന്റ് ദിയലോഗ്" പോലെയുള്ള സ്ഥാപനങ്ങൾ നൽകുന്ന സാക്ഷ്യവും സേവനങ്ങളും ഏറെ ആവശ്യവും ഉപകാരവും ഉള്ളവയാണെന്ന് പാപ്പാ പ്രസ്താവിച്ചു. മദ്ധ്യപൂർവ്വദേശങ്ങളിലെ പൗരസ്ത്യസഭകളുടെ ആദരണീയമായ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടാനും കൂടുതൽ അറിയപ്പെടാനും വേണ്ടി, അവിടുത്തെ ക്രൈസ്തവരുടെ സാന്നിദ്ധ്യത്തെ പിന്തുണയ്ക്കുന്ന നടപടികളുമായി മുന്നോട്ട്പോകാൻ പാപ്പാ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web