മകളെ കൊലപ്പെടുത്തിയ മാതാവ്, അഞ്ചുവയസുകാരിയുടെ സംസ്‌കാരത്തിന് പണമില്ലാതെ ഇന്ത്യക്കാരനായ പിതാവ്

 
Crime

മകളെ കൊലപ്പെടുത്തിയ മാതാവ്, അഞ്ചുവയസുകാരിയുടെ സംസ്‌കാരത്തിന് പണമില്ലാതെ ഇന്ത്യക്കാരനായ പിതാവ്

 
ന്യൂയോര്‍ക്ക്: യുഎസില്‍ മാതാവ് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ സംസ്‌കാരത്തിന് പണമില്ലാതെ ഇന്ത്യക്കാരനായ പിതാവ് കുല്‍ദീപ് സിങ്. ഊബര്‍ ഡ്രൈവറായ പിതാവ് സംസ്‌കാരചടങ്ങിനും മറ്റുമുള്ള പണം കണ്ടെത്താനായി സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ്. ഒക്ടോബര്‍ 14ന് കൊല്ലപ്പെട്ട മകള്‍ ഫാബിയാനോ കാബെല്ലോയുടെ സംസ്‌കാരത്തിനായി 18,000 ഡോളറാണ് ആവശ്യം. പണം കണ്ടെത്താനായി ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

'എന്റെ മകളെ അത്രയും ഞാന്‍ സ്നേഹിച്ചിരുന്നു. അവള്‍ ഇല്ലാതായതോടെ എന്റെ ലോകം തന്നെയാണ് ഇല്ലാതായത്' -സഹായം അഭ്യര്‍ഥിച്ചുള്ള കുറിപ്പില്‍ കുല്‍ദീപ് സിങ് പറഞ്ഞു. സെമിത്തേരിയിലെയും സംസ്‌കാര ചടങ്ങുകളുടെയും ചെലവ് തനിക്ക് ഒറ്റക്ക് താങ്ങാനാവില്ല. വാടകക്കെടുത്ത കാറില്‍ ഊബര്‍ ഡ്രൈവറായാണ് ജോലിചെയ്യുന്നതെന്നും സിങ് പറഞ്ഞു.

ഒക്ടോബര്‍ 14ന് ന്യൂയോര്‍ക്ക് പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ക്വീന്‍സിലെ റിച്മോണ്ട് ഹില്ലില്‍ നിന്നായിരുന്നു കോള്‍. 32കാരിയായ ഫ്രാന്‍സിസ് കാബെല്ലോയാണ് വിളിച്ചത്. 'ഞാന്‍ മകളെ കൊന്നു' എന്നായിരുന്നു ഫോണിലൂടെ പറഞ്ഞത്.

പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ മുകള്‍നിലയില്‍ ശ്വാസമറ്റ് കിടക്കുകയായിരുന്നു മകള്‍ ഫാബിയാനോ കബെല്ലോ. മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍, മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഫാബിയാനോയുടെ മുഖത്ത് ഉരഞ്ഞ പാടുകളും, ചര്‍മത്തിനടിയിലെ രക്തസ്രാവം മൂലം ഉണ്ടാകുന്ന ചെറിയ പാടുകള്‍ അവളുടെ കണ്ണുകളിലും ഹൃദയത്തിലും ശ്വാസകോശത്തിലും കണ്ടെത്തിയിട്ടുണ്ടെന്നാണ്. ശ്വാസതടസമുണ്ടാകുമ്പോഴും ഇത്തരം സാഹചര്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. മരണം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

ഫാബിയാനയെക്കുറിച്ച് പറയുമ്പോള്‍ ബന്ധുക്കള്‍ക്ക് കണ്ണീരടക്കാനാകുന്നില്ല. ഏറെ സ്നേഹമുള്ള, എപ്പോഴും സന്തോഷത്തോടെ നടന്നിരുന്ന കുട്ടിയായിരുന്നു അവളെന്ന് ബന്ധുവായ പുന്‍രാജ് സിങ് ഓര്‍ക്കുന്നു.ഇന്ത്യന്‍ ഭക്ഷണങ്ങളോട് ഫാബിയാനയ്ക്ക് പ്രത്യേക ഇഷ്ടമായിരുന്നു. മീന്‍ വറുത്തതും ദാല്‍പുരിയും റൊട്ടിയും കറിയുമൊക്കെ അവള്‍ക്കുവേണ്ടി പുന്‍രാജ് തയ്യാറാക്കുമായിരുന്നു. മുത്തശ്ശിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ കൈപിടിച്ച് സഹായിക്കാനും അവള്‍ മുന്നിലുണ്ടായിരുന്നു.

തന്റെ മകളുടെ സ്വഭാവത്തില്‍ അടുത്തിടെ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് 32കാരിയായ ഫ്രാന്‍സിസ് കാബെല്ലോയുടെ പിതാവ് ഫ്രാങ്ക്ളിന്‍ കാബെല്ലോ പറയുന്നു. മുമ്പ് ഏറെ കരുതലോടെ മകളെ നോക്കിയിരുന്ന അമ്മയായിരുന്നു മകള്‍. എന്നാല്‍, അടുത്തിടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായി. അസാധാരണമായ സ്വഭാവം പ്രകടിപ്പിക്കുകയും മരുന്നുകള്‍ കഴിക്കാതിരിക്കുകയും ചെയ്തെന്ന് പിതാവ് പറയുന്നു.

Tags

Share this story

From Around the Web