റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

 
Tiger

ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ ആശങ്ക അറിയിച്ചു. ആദ്യഘട്ട പരിശോധനയിൽ കടുവ ഇറങ്ങിയതിന്റെ സൂചനകൾ ഒന്നും വനംവകുപ്പിന് ലഭിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതോടെ നാലുവർഷം മുമ്പ് ഛത്തീസ്ഗഡ് ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണെന്ന് കണ്ടെത്തി.


കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തള്ളക്കടുവയും മൂന്ന് കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കുണ്ടളയിൽ ഇറങ്ങിയ കടുവ എന്ന തലക്കെട്ടിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് വനംവകുപ്പിന്റെ നിർദേശം. അനാവശ്യ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Tags

Share this story

From Around the Web