കൊണ്ടോട്ടിയില്‍ പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുണ്ടക്കുളം മുള്ളന്‍മടക്കല്‍ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകന്‍ സയാന്‍ സിദ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തില്‍ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആത്മഹത്യാശ്രമമുണ്ടായതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്ന് മനസ്സിലായത്. വിഞ്ജുഷയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുണ്ടക്കുളത്തെ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള കിണറ്റില്‍ ഇരുവരെയും കണ്ടെത്തിയത്. കിണര്‍ മൂടിയിരുന്ന വലയുടെ ഒരു ഭാഗത്ത് വിടവ് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവതിയെ കണ്ടെത്തിയത്.
കുഞ്ഞിനെ കൈയിലൊതുക്കി കിണറിന്റെ പടവില്‍ പിടിച്ചുനില്‍ക്കുന്ന നിലയിലായിരുന്നു വിഞ്ജുഷ. ശരീരത്തിന്റെ പകുതിയിലേറെ വെള്ളത്തിലായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിഞ്ജുഷയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
സംഭവം ആത്മഹത്യാശ്രമമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാസൂചനയുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വിഞ്ജുഷയുടെ പേരില്‍ പോലീസ് കേസെടുത്തു. സംഭവത്തിന്റെ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.