പ്രാർത്ഥനയുടെ ഗോവണിയിലൂടെ സഞ്ചരിച്ച സന്യാസിനി, മദര്‍ ഏലീശ്വ വാകയില്‍ വാഴ്‌ത്തപ്പെട്ടവുടെ ഗണത്തിലേക്ക്. കേരളത്തിലെ സ്ത്രീ നവോത്ഥാനത്തിനായി പ്രവർത്തിച്ച സന്ന്യാസിനി

കോട്ടയം: കേരളത്തിലെ പ്രഥമ സന്യാസിനി സമൂഹമായ തെരേസ്യന്‍ കര്‍മ്മലീത്ത സഭയുടെ സ്‌ഥാപിക ധന്യ മദര്‍ ഏലീശ്വ വാകയില്‍ ഇനി വാഴ്‌ത്തപ്പെട്ടവള്‍. ജീവിതത്തിന്റെ അന്ത്യം വരെയും കടന്നു പോകേണ്ടിയിരുന്ന കഠിന വഴികളെ പ്രാർത്ഥനയുടെയും എളിമയുടെയും പാദുകമണിഞ്ഞ് അതിജീവിച്ചയാളാണു മദർ ഏലിശ്വ.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ ഏലിശ്വ പ്രവർത്തിച്ചു.
ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനകളാക്കി മാറ്റിയ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനായി പ്രാർഥനയോടെ തയാറെടുക്കുകയാണ് വിശ്വസലോകം.
1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിൽ വിശ്വാസത്തിൽ സമ്പന്നരും കുലീനരുമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായി ഏലിശ്വ ജനിച്ചു.
ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പയുള്ളവളായിരുന്നു. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം 1847 ൽ വത്തരു വാകയിലിനെ വിവാഹം കഴിച്ചു.
1850ൽ ഒരു കുഞ്ഞിന്റെ അമ്മയായ ഏലിശ്വയെ ഭർത്താവിന്റെ മരണം വിധവയാക്കി. പുനർവിവാഹത്തിന് നിർബന്ധിച്ചെങ്കിലും അതിന് സമ്മതിക്കാതെ പ്രാർത്ഥനയുടെയും ഉപവി പ്രവർത്തനങ്ങളുടെയും വഴിയാണ് ഏലിശ്വ തെരഞ്ഞെടുത്തത്.
ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും ഇറ്റാലിയൻ വൈദീകനും കർമ്മ ലീത്ത മിഷനറിയുമായിരുന്ന ഫാ.ലെയോ പോൾഡ് ഒ.സി.ഡിയുടെ ആത്മീയ പരിശീലനവും ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിച്ചു.
ഇത് എലിശ്വയെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13 -ന് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സഭയ്ക്ക് മദർ ഏലീശ്വ ജന്മം നൽകിയത്. ഇന്ന് തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹമാണ് മദർ ഏലീശ്വ സ്ഥാപിച്ചത്.
മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും, മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു. പിന്നീട് ജീവിതത്തിന്റെ അന്ത്യം വരെയും കടന്നു പോകേണ്ടിയിരുന്ന കഠിന വഴികളെ പ്രാർത്ഥനയുടെയും എളിമയുടെയും പാദുകമണിഞ്ഞ് മദർ ഏലിശ്വ അതിജീവിച്ചു.
തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനകളാക്കി മാറ്റിയ മദർ ഏലിശ്വ 1913 ജൂലൈ 18 ന് ആണ് മരണപ്പെട്ടത്.
വരാപ്പുഴ അതിരൂപതയിലെ പരിശുദ്ധ കർമ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള ബസിലിക്കയിലാണ് മദർ ഏലിശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടത്. പിന്നീടു മദറിന്റെ ഭൗതിക അവശിഷ്ടങ്ങൾ വരാപ്പുഴ സെന്റ് ജോസഫ് കർമ്മല മഠത്തിലെ സ്മൃതി മന്ദിരം എന്ന കപ്പേളയിലേക്ക് മാറ്റി.
2008 മെയ് 30 ന് ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തി. 2024 ജനുവരി 6 ന് ധന്യപദവി ലഭിച്ചു. വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്തോടെ അള്‍ത്താരയില്‍ പരസ്യവണക്കം ലഭിക്കും. വിശുദ്ധ പദപ്രഖ്യാപനത്തിലേക്കുള്ള സോപാനത്തിൽ അവസാനത്തെ പടിയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം.
നവംബർ 08 ശനിയാഴ്ച വൈകിട്ട് 4.30 ന് വല്ലാർപാടത്തുള്ള ഔവർ ലേഡി ഓഫ് റാൻസം നാഷണൽ ഷ്രൈൻ ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ മദർ ഏലിശ്വയുടെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.