മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ 8ന്

 
Mother elisha

വത്തിക്കാന്‍ സിറ്റി/ കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകൾക്കായുള്ള കർമലീത്താ നിഷ്പാദുക മൂന്നാം സമൂഹത്തിന്റെ (റ്റിഒസിഡി) സ്ഥാപകയുമായ മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ എട്ടിനു തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകുന്നേരം 4.30നാണു ശുശ്രൂഷകൾ ആരംഭിക്കുന്നതെന്നു കോൺഗ്രിഗേഷൻ ഓ ഫ് തെരേസ്യൻ കാർമലൈറ്റ്സ് (സിടിസി) സുപ്പീരിയർ ജനറൽ സിസ്റ്റർ ഷഹില അറിയിച്ചു. മലേഷ്യയിലെ പെനാങ്ങ് രൂപത മെത്രാൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസി സിന്റെ മുഖ്യകാർമികത്വത്തിലുള്ള ആഘോഷമായ സമൂഹ ദിവ്യബലിമധ്യേയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.

ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡ് ജിറേല്ലി, വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമലീത്ത സമൂഹത്തിന്റെ ജനറാൾ ഫാ. മിഗുവേൽ മാർക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റർ ജനറൽ ഫാ.മാർക്കോ ചീസ, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. 1913 ജൂലൈ 18ന് അന്തരിച്ച മദർ എലീശ്വയെ 2008 മാർച്ച് ആറിനു ദൈവദാസിയായും 2023 നവംബർ എട്ടിനു ധന്യയായും പ്രഖ്യാപിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അത്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിക്കുന്ന വിദഗ്ധര്‍ അംഗീകരിച്ചതു ഫ്രാന്‍സിസ് പാപ്പയ്ക്കു സമര്‍പ്പിച്ചതിന് പാപ്പ സ്ഥിരീകരണം നല്‍കിയതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദർ ഏലീശ്വ ഉയര്‍ത്തപ്പെടുന്നതിന് വഴി തെളിഞ്ഞിരിന്നത്.

Tags

Share this story

From Around the Web