കുട്ടിയെ മർദിച്ച കേസിൽ ഒളിവിൽപോയ അമ്മ 13 വർഷത്തിനുശേഷം പിടിയിൽ; കോടതിമുറ്റത്ത് അമ്മയും മകനും ഒന്നായി
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത മകനെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ അമ്മ 13 വർഷത്തിനുശേഷം പിടിയിലായി.
കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വീകരിക്കാനെത്തിയത് ഇതിനകം വളർന്നു വലുതായ മകനും മകളും. പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് മകൻ അറിയിച്ചതോടെ കോടതി യുവതിക്ക് ജാമ്യവും അനുവദിച്ചു.
ബാലനീതി നിയമപ്രകാരം 2013ൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിൽ പ്രതിയായിരുന്ന ആര്യ എന്ന വി.പി. ആയിഷാബി (43) യെയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഇന്റലിജൻസ് സ്ക്വാഡ് പത്തനംതിട്ട തിരുവല്ലയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ചീമേനി സ്വദേശിയായ ആയിഷാബി ആര്യ എന്ന പേരു സ്വീകരിച്ച് പത്മനാഭൻ എന്നയാളിനൊപ്പം 2013 കാലത്ത് പെട്ടിക്കുണ്ടിൽ താമസിച്ചിരുന്നു.
ഒരു മകനും ഒരു മകളുമാണ് ഇവർക്കുണ്ടായിരുന്നത്. ഇരുവർക്കുമിടയിലുണ്ടായ കുടുംബവഴക്കുകളെത്തുടർന്നാണ് അമ്മ മകനെ ക്രൂരമായി മർദിച്ചതായി അച്ഛൻ പൊലിസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് ആയിഷാബി അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഒളിവിൽ പോകുകയുമായിരുന്നു. ഒളിവിൽ പോയശേഷം ആര്യ എന്ന പേരിൽത്തന്നെ എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഹോം നഴ്സായി ജോലിചെയ്തുവരികയായിരുന്ന ഇവർ.
മിക്കപ്പോഴും മൊബൈൽ ഫോൺ പോലും ഇവർ ഉപയോഗിച്ചിരുന്നില്ല. നാട്ടിലുള്ള കുടുംബാംഗങ്ങളോ മറ്റുള്ളവരോ ആയി യാതൊരു ബന്ധവും പുലർത്തിയതുമില്ല. അതുകൊണ്ടുതന്നെ പൊലിസിന് ഇവരെ അന്വേഷിച്ചു കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു.
ലഭ്യമായ സൂചനകൾ വച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണു ഹോം നഴ്സുമാരെ ഏർപ്പെടുത്തി നൽകുന്ന ഒരു ഏജൻസി മുഖേന കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തിയത്.
ഇവരുടെ ഭർത്താവായിരുന്ന പത്മനാഭൻ ഇതിനകം വേറെ വിവാഹം കഴിച്ച് താമസം മാറിയിരുന്നു. പ്രായപൂർത്തിയായ മകനും വിവാഹിതനായി. എവിടെയാണെന്നുപോലും അറിയാതിരുന്ന അമ്മയെ ദീർഘകാലത്തിനൊടുവിൽ കാണാൻ കഴിഞ്ഞതിന്റെ ആശ്വാസമാണ് കോടതിയിൽ ഇവരെ കാണാനെത്തിയ മകനും മകൾക്കും ഉണ്ടായിരുന്നത്. ഓരോ നിമിഷവും ഭയന്നുകഴിഞ്ഞിരുന്ന ഒളിവുകാലത്തിനൊടുവിൽ പൊലിസിന്റെയും കോടതിയുടെയും അനുമതിയോടുകൂടിത്തന്നെ കുടുംബവുമായി ഒത്തുചേരാൻ കഴിഞ്ഞതിന്റെ സന്തോഷം ആയിഷാബിയും മറച്ചുവച്ചില്ല.