'ഏറ്റവും കരുതലും ദയയുമുള്ള വ്യക്തി': കൊലപാതകത്തിന് പിന്നാലെ ചര്‍ച്ചയായി കേതനെക്കുറിച്ച് സിയ അന്ന് പറഞ്ഞ വാക്കുകള്‍
പൂനെ: മഹാരാഷ്ട്രയെ നടുക്കിയ യുവ വ്യവസായി കേതന്‍ ആഗര്‍വാളിന്റെ കൊലപാതകത്തിന് പിന്നാലെ പുറത്തുവന്ന വിവാഹനിശ്ചയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ സിയ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
'ഏറ്റവും കരുതലുള്ള, ദയയുള്ള വ്യക്തി' വിവാഹ നിശ്ചയ വേളയില്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് പ്രതിശ്രുത വരനെക്കുറിച്ച് സിയ ഗോയല്‍ പറഞ്ഞ വാക്കുകളാണിത്. ഭര്‍ത്താവ് എന്ന നിലയില്‍ കേതനെ നമ്പര്‍ വണ്‍ ആക്കുന്നതെന്താണെന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു സിയയുടെ മറുപടി.
തന്റെ വധുവായി വരാന്‍ പോകുന്ന സിയയുടെ വാക്കുകള്‍ കേട്ട് പുഞ്ചിരിക്കുന്ന കേതന്‍ അഗര്‍വാളിനേയും വീട്ടുകാരെയും ബന്ധുക്കളേയും വീഡിയോയില്‍ കാണാം. കേതന്റെ മരണ ശേഷം ഈ വീഡിയോ പുറത്തു വരുമ്പോള്‍ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മികച്ച നടിക്കുള്ള അവാര്‍ഡ് നല്‍കണമെന്നും, ഇത് കണ്ടാല്‍ കേതനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് തോന്നില്ല, അഭിനയത്തില്‍ ബോളിവുഡ് നടിമാരെപ്പോലും തോല്‍പ്പിച്ചു കളഞ്ഞു, കരുതലിനും ദയയ്ക്കും നല്‍കിയ മികച്ച പ്രതിഫലം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ സിയയ്ക്ക് വിമര്‍ശനവുമായി ഉയരുന്നത്.
ജൂണ്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. കേതനെ സിയയും കാമുകന്‍ ചേതനും ചേര്‍ന്ന് ലോഹഗഡ് കോട്ടയില്‍ ട്രെക്കിങ് നടത്തുന്നതിനിടെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
തുടക്കത്തില്‍ ട്രക്കിങ്ങിനിടെ കാല്‍ വഴുതി വീണുണ്ടായ അപകടമെന്നായിരുന്നു സിയ പറഞ്ഞിരുന്നത്. മൊഴിയിലെ വൈരുദ്ധ്യവും സിയയുടെ അസ്വാഭാവിക പെരുമാറ്റവുമാണ് കേസില്‍ വഴിത്തിരിവായത്.