സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

 
cyber


കൊച്ചി: സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാര്‍ഥി ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീഹരി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങള്‍ വഴിയെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


എഐ സാങ്കേതികവിദ്യ ഉള്‍പ്പെടെ ഉപയോഗിച്ച് സഹപാഠികളുടെയും പഠിപ്പിക്കുന്ന അധ്യാപകരുടെയും ചിത്രങ്ങളാണ് ശ്രീഹരി മോര്‍ഫ് ചെയ്തത്.പ്രതിയുടെ ഫോണില്‍ നിന്ന് ഒട്ടേറെ പേരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 ടെലിഗ്രാം വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ, കൂടുതല്‍ കോളജുകളെ ബന്ധിപ്പിക്കുന്ന കണ്ണികളുണ്ടോ, പണത്തിന് വേണ്ടി വിറ്റഴിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കാക്കനാട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ ശ്രീഹരിയെ മാനേജ്മെന്റ് സംരക്ഷിക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ലോക്കല്‍ ഗാര്‍ഡിയനെ വിളിച്ചുവരുത്തി പ്രതിയെ കാമ്പസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും ആരോപണമുണ്ട്. കുറ്റാരോപിതനായ വിദ്യാര്‍ഥി കെഎസ്യുവിന്റെ മീഡിയ ടീമിലുള്ളതാണെന്നും പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് അതിക്രമിച്ചെത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവത്തില്‍ തൃക്കാക്കര പൊലീസ് ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ കുട്ടിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു.

 കുട്ടികളുടെ രക്ഷിതാക്കള്‍ ദൂരെയായതിനാലാണ് കുട്ടിയെ ലോക്കല്‍ ഗാര്‍ഡിയനൊപ്പം അയച്ചത്. വിദ്യാര്‍ഥിയുടെ ലാപ്ടോപ്പ് മാനേജ്മെന്റിന്റെ കൈവശമുണ്ടെന്ന ആരോപണം തെറ്റാണ്. കുട്ടിയുടെ ഫോണ്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Tags

Share this story

From Around the Web