സ്‌പെയിനില്‍ നിന്ന് മടക്കി അയച്ച കുടിയേറ്റക്കാര്‍ക്ക് കരുതലിന്റെ കരവുമായി മൊറോക്കോയിലെ സഭ

 
MOROCO



റാബത്ത്: മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് പലായനം ചെയ്യുകയും പിന്നീട് അവിടെ നിന്നു മടക്കി അയയ്ക്കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്ക് കരുതലിന്റെ കരം നീട്ടി മൊറോക്കോയിലെ കത്തോലിക്ക സഭ. 


സിയൂത്തയില്‍ നിന്നു മടങ്ങിയെത്തുന്ന കുടിയേറ്റക്കാര്‍ തീര്‍ത്തും ക്ഷീണിതരും അവശരുമായാണ് മൊറോക്കോയില്‍ തിരിച്ചെത്തുന്നതെന്നും അവരെ സഹായിക്കുന്നുണ്ടെന്നും വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ടാഞ്ചിയറിലെ ആര്‍ച്ച് ബിഷപ്പ് എമിലിയോ റോച്ച ഗ്രാന്‍ഡെ പറഞ്ഞു. 

വര്‍ഷങ്ങളായി സബ്-സഹാറന്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാദേശിക കത്തോലിക്കാ സഭ, പെട്ടെന്നുണ്ടായ വലിയ കുടിയേറ്റ പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിടുന്നത്.

പലായനത്തിന് മുതിരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവരെ സഹായിക്കാനുള്ള ശ്രമത്തിലാണ് സഭയിപ്പോള്‍. യൂറോപ്പിലേക്ക് കടക്കുമെന്ന പ്രതീക്ഷയോടെ വന്‍തോതില്‍ എത്തിച്ചേരുന്ന സബ് - സഹാറന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍, മൊറോക്കോയിലെ സഭ വര്‍ഷങ്ങളായി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍, ടാഞ്ചിയര്‍ രൂപതയാണ് അഭയാര്‍ത്ഥികളുടെ യാത്രയിലെ അവസാനത്തെ ആശ്രയകേന്ദ്രമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

രൂപതയുടെ കുടിയേറ്റ വിഭാഗം ദീര്‍ഘകാലമായി വൈദ്യസഹായം, സാമൂഹികവും നിയമപരവുമായ പിന്തുണ, അടിയന്തര സഹായം എന്നിവ നല്‍കിവരുന്നുണ്ട്.


'കാരിത്താസ്' സംഘടന വഴിയുള്ള പ്രത്യേക പദ്ധതികളിലൂടെ, ദുര്‍ബല വിഭാഗത്തില്‍പ്പെട്ട മൊറോക്കന്‍ പൗരന്മാരെ സഹായിക്കാനും കാര്യമായ പരിശ്രമം നടത്തുന്നുണ്ട്. തെരുവുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ടാഞ്ചിയറില്‍ ഞങ്ങള്‍ ഒരു അഭയകേന്ദ്രം നടത്തുന്നുണ്ട്.

 ദുര്‍ബല സാഹചര്യങ്ങളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി മൊറോക്കന്‍ അധികൃതരുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം തുടരുന്നതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. അതേസമയം വലിയ തോതിലുള്ള കുടിയേറ്റക്കാരുടെ വരവിന് ശേഷം, മൊറോക്കോയും സ്പാനിഷ് അധീനതയിലുള്ള സിയൂത്തയും തമ്മിലുള്ള അതിര്‍ത്തി പ്രദേശം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.

Tags

Share this story

From Around the Web