പ്രഭാത പ്രാർത്ഥന.........നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും
പരിശുദ്ധ അമ്മേ... ഈശോയുടെയും ഞങ്ങളുടെയും അമ്മ മാതാവേ. അമ്മയോടൊപ്പം ഈ പ്രഭാതത്തിലേക്കു മിഴികൾ തുറക്കുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങളും ജീവിതങ്ങളും അത്രമേൽ ദുഃഖപൂരിതമായിരിക്കുന്നത് അവിടുന്നറിയുന്നുവല്ലോ. ചുറ്റുമുള്ള ഈ നിശബ്ദതയും മരണത്തിന്റെ മൂകതയും ഞങ്ങളെ വല്ലാതെ അധൈര്യപെടുത്തുന്നു. ഞങ്ങളുടെ സ്നേഹപരിസരങ്ങളാകവേ ഇരുൾ മൂടിയിരിക്കുന്നു. പ്രത്യാശിക്കാനും രക്ഷിക്കാനും ഇനിയാരും ഇല്ലാത്തതു പോലെ ജീവിതം നിരാശയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നും അസാധ്യമായിട്ടില്ലാത്ത സർവ്വശക്തനിൽ സർവ്വാശ്രയവും പ്രത്യാശയുമർപ്പിച്ചിട്ടും എല്ലാം വ്യഥാവിലായതു പോലെ ജീവിതത്തിന്റെ നീണ്ട കുരിശിടങ്ങളിലും മരണത്തിന്റെ അന്ധകാര പൂരിതമായ രാവുകളിലും ഞങ്ങളും കൈവിടപ്പെട്ടു പോയതു പോലെ.
അമ്മേ മാതാവേ. അവിടുത്തെ സംരക്ഷണത്തിൽ ഞങ്ങളെയിതാ അഭയമണയ്ക്കുന്നു.അവിടുത്തെ കരുണയുള്ള കണ്ണുകളെ ഞങ്ങളുടെ നേരെ തിരിക്കണമേ.
നിരാശകളിലും ദുഃഖങ്ങളിലും ഞങ്ങൾക്കവിടുത്തെ ആശ്വാസവും ആത്മവിശ്വാസവും പകരണമേ. രക്ഷയുടെ പ്രത്യാശയിലേക്കും ഉയർപ്പിന്റെ മഹിമയിലേക്കും ഹൃദയമർപ്പിച്ചണയാൻ ഞങ്ങളിൽ അവിടുത്തെ കൃപയരുളുകയും ചെയ്യണമേ... ഉദയനക്ഷത്രമായ പരിശുദ്ധ മറിയമേ... ഞങ്ങളുടെ ജീവിതങ്ങളെ പ്രത്യാശാപൂർണമാക്കണമേ... ആമേൻ