ഉറങ്ങും മുൻപ്.........ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്‌ത് ദഹന ബലിയായി സ്വീകരിച്ചു.ജ്ഞാനം 3 : 6
കരുണാസമ്പന്നനും സ്നേഹനിധിയുമായ ഞങ്ങളുടെ സ്വർഗീയ പിതാവേ... ഈ സന്ധ്യാസമയത്ത് അങ്ങയുടെ തിരുസന്നിധിയിൽ ഞങ്ങൾ പ്രാർത്ഥനയോടെ അണയുന്നു.
ഈ ഭൂമിയിലെ ജീവിതയാത്ര പൂർത്തിയാക്കി നിത്യതയിലേക്ക് യാത്രയായ ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുമിത്രാദികളെയും സ്നേഹിതരെയും സകല മരിച്ച വിശ്വാസികളെയും അങ്ങയുടെ അനന്തമായ കരുണയിൽ സമർപ്പിക്കുന്നു. ഈ ലോകത്തിൽ ആരാലും ഓർമ്മിക്കപ്പെടാതെ പോയ ആത്മാക്കളെയും, പ്രാർത്ഥിക്കാൻ ആരുമില്ലാത്തവരെയും, അകാലത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും, രോഗപീഡകളാൽ മരണമടഞ്ഞവരെയും അങ്ങയുടെ കരുണയുടെ കരങ്ങളിൽ ചേർത്തുപിടിക്കണമേ.
ഈ സന്ധ്യയിൽ ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥനകളും ത്യാഗങ്ങളും സത്പ്രവൃത്തികളും അവരുടെ ആത്മാക്കളുടെ നിത്യരക്ഷയ്ക്കായി സ്വീകരിക്കണമേ.
കർത്താവായ യേശുവേ, മരണത്തെ പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ അങ്ങയുടെ മഹത്വപൂർണമായ ഉത്ഥാനത്തിന്റെ പ്രകാശം മരിച്ച വിശ്വാസികളുടെ ആത്മാക്കളിൽ എന്നും പ്രകാശിക്കട്ടെ.
പരിശുദ്ധ കന്യകാമറിയമേ, ദുഃഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവുമായ അമ്മേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് മാധ്യസ്ഥ്യം വഹിക്കണമേ.
ഞങ്ങളുടെയും ജീവിതയാത്ര ഒരുനാൾ അവസാനിക്കുമെന്ന സത്യം തിരിച്ചറിഞ്ഞ്, വിശുദ്ധിയോടും സ്നേഹത്തോടും ക്ഷമയോടും കൂടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
നിത്യവിശ്രമം അവർക്കു നൽകണമേ, കർത്താവേ. നിത്യപ്രകാശം അവരുടെമേൽ പ്രകാശിക്കട്ടെ. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്താൽ സമാധാനത്തിൽ വിശ്രമിക്കട്ടെ... ആമേൻ