പ്രഭാത പ്രാർത്ഥന......... 
നിന്നോട് കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു മലകൾ അകന്നു പോയേക്കാം കുന്നുകൾ മാറ്റപ്പെട്ടേക്കാം എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല

 
prayer

ഏശയ്യ  54 : 10

സ്നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ...
അനർഗളമായി വർഷിക്കപ്പെടുന്ന ദൈവസ്നേഹത്തിൽ പൂർണമായി വിലയം പ്രാപിക്കാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. എപ്പോഴും സന്തോഷമായിരിക്കണം. എല്ലാവരോടും സ്നേഹത്തിൽ പെരുമാറണം. സാധ്യമായ നന്മകൾ ചെയ്യണം എന്നൊക്കെ കരുതിയിട്ടാണ് ഓരോ പുതിയ പ്രഭാതത്തെയും അവിടുത്തെ കൈയ്യിൽ നിന്നും ഞങ്ങൾ സ്വീകരിക്കുന്നത്. എന്നാൽ ചില ദിവസങ്ങളിൽ ഞങ്ങൾക്ക് ഇതൊന്നും പാലിക്കാൻ കഴിയാറില്ല. ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ വല്ലാത്തൊരു മടുപ്പ് ശരീരത്തെ കീഴടക്കാൻ തുടങ്ങും. സ്ഥിരമായി ചെയ്തു ശീലമുള്ള ജോലികളിൽ പോലും കൈവഴങ്ങാതെയാവും. ചുറ്റുമുള്ളതിനോടും. ചുറ്റുമുള്ളവരോടും കാരണമില്ലാതെ തന്നെ ദേഷ്യപ്പെടും. അത്രയേറെ ഇഷ്ടമുള്ള ഞങ്ങളുടെ സ്വഭാവരീതികളോടു പോലും ഞങ്ങൾക്കു വെറുപ്പു തോന്നും. മറ്റുള്ളവർ ഞങ്ങൾക്കു വേണ്ടി ചെയ്തു തരുന്ന കാര്യങ്ങളിലെല്ലാം അനാവശ്യമായി കുറ്റങ്ങൾ തിരഞ്ഞു കണ്ടുപിടിക്കും. എല്ലാറ്റിലുമുപരി ഞങ്ങൾക്ക് ഞങ്ങളെത്തന്നെ ഉൾക്കൊള്ളാൻ പറ്റാത്ത മാനസികാവസ്ഥ ഞങ്ങളെ വല്ലാതെ വീർപ്പുമുട്ടിക്കും.
ഈശോയേ... ഞങ്ങളുടെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങളെ ഞങ്ങൾക്കു വെളിപ്പെടുത്തി തരാൻ കഴിവുള്ളവനേ. ഞങ്ങളുടെ ശാരീരികവും മാനസികവുമായ എല്ലാ തളർച്ചകളെയും. അസ്വസ്ഥതകളെയും പൂർണമായി ഞങ്ങൾ അങ്ങിലർപ്പിക്കുന്നു. ഞങ്ങളുടെ കാൽ വഴുതുന്നു എന്നു തോന്നിയപ്പോഴൊക്കെയും ഞങ്ങളെ താങ്ങി നിർത്തിയ അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളാശ്രയിക്കുന്നു. അവിടുത്തെ പൊൻകരത്താൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ നാഥാ. അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ എഴുന്നെള്ളി വരുവാനുള്ള യോഗ്യത ഞങ്ങൾക്കില്ലെങ്കിലും. അലിവോടെ അങ്ങ് ഒരു വാക്കു ഉച്ചരിച്ചാൽ മാത്രം മതി. ഞങ്ങൾ സൗഖ്യമുള്ളവളാകും...
സഹനപത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web