പ്രഭാത പ്രാർത്ഥന.........കർത്താവ് നല്ലവനും കഷ്ടതയുടെ നാളിൽ അഭയ ദുർഗവുമാണ്..തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു

 
prayer

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... ഓരോ പ്രഭാതത്തിലും ഞങ്ങളെ വിളിച്ചുണർത്തുകയും.പുതിയ അനുഭവങ്ങളാലും അനുഗ്രഹങ്ങളാലും ഞങ്ങളുടെ ജീവിതത്തെ നയിക്കുകയും ചെയ്യുന്ന അങ്ങയുടെ അളവറ്റ കാരുണ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും. ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടാകുമ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങൾ ആശ്രയിക്കുന്നതും. ഞങ്ങളുടെ സങ്കടങ്ങളും ഹൃദയഭാരങ്ങളും അവരുടെ മുൻപിൽ ഇറക്കിവച്ചു കൊണ്ട് ആശ്വാസം കണ്ടെത്താൻ പരിശ്രമിക്കുന്നതും അങ്ങയിലുള്ള ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടു പോയതു കൊണ്ടോ. അങ്ങു കൂടെ തന്നെയുണ്ടെന്ന് മറക്കുന്നതു കൊണ്ടോ അല്ല. എത്ര വലിയ പ്രതിസന്ധികൾക്കിടയിലും അവരുടെ സാമിപ്യവും ഇടപെടലും ഞങ്ങളെ അങ്ങയോടു കൂടുതൽ ചേർത്തു നിർത്താൻ സഹായകമാകുമെന്ന ഉത്തമബോധ്യവും വിശ്വാസവുമുള്ളതു കൊണ്ടാണ്. കർത്താവേ... ഞങ്ങളുടെ വേദനകളിൽ ആശ്വാസവും ദുഃഖങ്ങളിൽ ആനന്ദവുമായവനേ. അവിടുത്തെ സമാശ്വാസത്തിൽ നിത്യവും ഞങ്ങളെ ചേർത്തു പിടിക്കണമേ. അങ്ങയുടെ തിരുഹൃദയത്തിൽ നിന്നൊഴുകുന്ന സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കുകയും. അവിടുത്തെ കാരുണ്യത്തിലും വിശ്വസ്തതയിലും നിലനിൽക്കാൻ ആവശ്യമായ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...
നിത്യസഹായ മാതാവേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web