പ്രഭാത പ്രാർത്ഥന.........നിന്റെ മതിലുകള്‍ പുനരുദ്ധരിക്കപ്പെടുന്ന ദിനം വരുന്നു! അന്നു നിന്റെ അതിരുകള്‍ വിസ്‌തൃതമാക്കപ്പെടും
 

 
prayer

സ്നേഹപിതാവായ ഞങ്ങളുടെ ദൈവമേ... കഴിഞ്ഞ രാത്രിയിൽ ശാന്തമായി ഉറങ്ങാനും പുതിയ ഉണർവ്വോടെയും പ്രതീക്ഷയോടെയും ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിലണയാനും ഞങ്ങളെ അനുവദിച്ച അവിടുത്തെ കാരുണ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു. ഈ നിമിഷം വരെ ഞങ്ങളെ പരിപാലിച്ചതും ഞങ്ങളുടെ ആവശ്യങ്ങളിൽ തുണയും സഹായവുമായി കൂടെയുണ്ടായിരുന്നതും അങ്ങു മാത്രമായിരുന്നുവെന്ന് ഞങ്ങളിതാ ഹൃദയം നിറഞ്ഞു ഏറ്റു പറയുന്നു. പലപ്പോഴും ഞങ്ങളുടെ കഷ്ടതകളിൽ അങ്ങയെ മറന്നു ഞങ്ങൾ മനുഷ്യരിൽ ആശ്രയം കണ്ടെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ അലച്ചിലുകളും നിസ്സഹായതകളും ഒരുപദ്രവമാകുമോ എന്നു ഭയന്ന് അത്രമേൽ പരിചിതരായവർ പോലും ഞങ്ങളിൽ നിന്നും അകന്നു മാറി നിന്നപ്പോഴും. ഇനിയെന്തെന്നറിയാത്ത സങ്കടാവസ്ഥയാൽ വീർപ്പുമുട്ടിയപ്പോഴും യാതൊരു തീർച്ചയുമില്ലാതിരുന്ന വഴികളിലൂടെ ഉറപ്പോടെ ഞങ്ങളെ കരം പിടിച്ചു നയിച്ചതും. യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന വാതിലുകൾ ഏറെ കരുണയോടെ ഞങ്ങൾക്കു മുന്നിൽ തുറന്നു പിടിച്ചതും അവിടുത്തെ കനിവും കരുതലുമാണ്. കർത്താവേ... സ്വർഗവും ഭൂമിയും നിറഞ്ഞു നിൽക്കുന്നവനേ. ഞങ്ങളിതാ അവിടുത്തെ തിരുക്കരങ്ങളിൽ ഞങ്ങളെ പൂർണമായി നൽകുന്നു. ഒരിക്കലും വിട്ടുപിരിയാത്ത സ്നേഹമായും കരുണയായും അങ്ങു ഞങ്ങളുടെ കൂടെയുണ്ടാവണേ. അവിടുത്തെ ശക്തിയെയും സാനിധ്യത്തെയും സദാ അറിഞ്ഞു ജീവിക്കുന്നതിനും. അവിടുത്തെ ഹിതം അറിഞ്ഞു പ്രവർത്തിക്കുന്നതിനും അവിടുന്ന് നിരന്തരം ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ... 
ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന്‍ പ്രകാശമേ... ഞങ്ങളെ പ്രകാശിപ്പിക്കണമേ... ആമേൻ

Tags

Share this story

From Around the Web