പ്രഭാത പ്രാർത്ഥന.........നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്‌; തീര്‍ച്ചയായും ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്‌ എന്നു മനുഷ്യര്‍ പറയും

 
prayer
അളവില്ലാത്ത നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവമേ... ഈ പ്രഭാതത്തിൽ പ്രാർത്ഥനയോടെ ഞങ്ങളവിടുത്തെ മുന്നിൽ കരങ്ങൾ കൂപ്പുമ്പോൾ അവിടുത്തെ കൃപകളാലും ദാനങ്ങളാലും ഞങ്ങളെ നിറയ്ക്കുവാൻ കനിവുണ്ടാകേണമേ. ജീവിതത്തിൽ ഞങ്ങളിത്രത്തോളം സ്നേഹിച്ചിട്ടും സഹായിച്ചിട്ടും കൂടെ നടന്നിട്ടും ഞങ്ങളെ പരിഗണിക്കാതെ ഒരാവശ്യം വന്നപ്പോൾ മാത്രം ഞങ്ങളെ ഓർത്തു എന്ന് സ്നേഹിതരെക്കുറിച്ച്  പരാതിപ്പെടുന്നവരാണ് ഞങ്ങളിലേറെയും. എന്നാൽ ആത്മീയവും ഭൗതികവുമായ  അനുഗ്രഹങ്ങൾ അനുദിനം ചൊരിയപ്പെട്ടിട്ടും. ഇടറാതിരിക്കാൻ സംരക്ഷണവും വീഴാതിരിക്കാൻ ഉറപ്പുമായ ദിവ്യകാരുണ്യ സ്നേഹത്താൽ നിരന്തരം വലയം ചെയ്യപ്പെട്ടിട്ടും. കാവലും കരുതലുമായി കൂടെ നടന്നിട്ടും ഞങ്ങളുടെ സങ്കടസമയങ്ങളിലും. ഭാരപ്പെടുത്തുന്ന സാഹചര്യങ്ങളിലും. പ്രതീക്ഷകൾ അസ്തമിച്ച ജീവിതത്തിന്റെ അടഞ്ഞവാതിലുകൾക്കപ്പുറവും മാത്രം അങ്ങയെ തിരയുന്ന അവിശ്വസ്തരായ വെറും ആവശ്യക്കാരായി മാത്രം മാറുന്ന ഞങ്ങളുടെ സ്നേഹം  ഒരിക്കലും അവിടുത്തെ മുൻപിൽ ചോദ്യം ചെയ്യപ്പെടാറില്ല എന്ന സത്യം പലപ്പോഴും ഞങ്ങൾ വിസ്മരിക്കുന്നു. ഈശോയേ... ഞങ്ങൾക്കു വഴി തെളിക്കുകയും. ഞങ്ങളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അങ്ങയിൽ പൂർണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കാൻ കഴിയാതെ പോയ എല്ലാ സാഹചര്യങ്ങളേയുമോർത്തു ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ അങ്ങയെ അറിയുവാനും. സ്നേഹിക്കുവാനും. ഞങ്ങൾക്കുള്ള സമസ്തവും അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു കൊണ്ട് നീതിയും സമാധാനവും വിളങ്ങുന്ന ദൈവാശ്രയ ബോധത്തിൽ ജീവിക്കുവാനും അങ്ങു തന്നെ ഞങ്ങളെ സഹായിക്കേണമേ...
സ്വർഗ്ഗരാജ്ഞിയായ മറിയമേ... ഭൂവാസികളായ ഞങ്ങൾക്കും നീ രാജ്ഞിയായിരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web