പ്രഭാത പ്രാർത്ഥന...ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയർത്തിക്കൊള്ളും

 
PRAYER

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ പ്രാർത്ഥനയോടെ തിരുസന്നിധി തേടിയണയുമ്പോൾ അനുദിനം ഞങ്ങൾക്കായി ചെയ്തു തരുന്ന നന്മകൾക്കായി ഹൃദയം നിറഞ്ഞ നന്ദിയർപ്പിക്കുന്നു. ഞങ്ങൾ അനുഭവിച്ചു വരുന്ന സഹനങ്ങളെയും സന്തോഷങ്ങളെയും ആശ്വാസങ്ങളെയും പ്രതി അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ചില അവസ്ഥകളിൽ. ആവശ്യങ്ങളിൽ വിചാരിക്കാത്ത ചില സങ്കീർണതകളും തടസങ്ങളും ഉണ്ടാകുമ്പോൾ.

ഞങ്ങളുടെ നിസ്സഹായതയും വിങ്ങലും മനസ്സിലാക്കാതെ സമയവും സാഹചര്യവുമൊക്കെ കഴിഞ്ഞു പോയെന്നും ഇനി ഒന്നും സാധ്യമാവില്ലെന്നുമുള്ള ചുറ്റുപാടുകൾ ഞങ്ങളെ തളർത്തുമ്പോൾ പലപ്പോഴും നന്മയായതൊന്നും പ്രതീക്ഷിക്കാനില്ലാത്തതു പോലെ ഞങ്ങളും നിരാശയിലേക്ക് വീണു പോകാറുണ്ട്. കർത്താവേ... കരുണയോടെ അങ്ങു ഞങ്ങളുടെ അരികിലേക്കു കടന്നു വരേണമേ.

ഞങ്ങളുടെ ജീവിതാവസ്ഥകളിൽ കരുതലോടെ ഇടപെടുന്ന അവിടുത്തെ സാനിധ്യമറിയാനും ശക്തമായ അനുഗ്രഹത്തിന്റെ കരം കാണാനും ഞങ്ങൾക്കവിടുന്ന് ഇട വരുത്തേണമേ. ഉചിതമായ സമയത്ത് ഉത്തമമായ രക്ഷയേകി  അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണമേ... ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web