പ്രഭാത പ്രാര്‍ത്ഥന.........നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു
സ്‌നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ഈശോയെ... അളവില്ലാത്ത നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവമേ. ഈ പ്രഭാതത്തില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളവിടുത്തെ മുന്നില്‍ കരങ്ങള്‍ കൂപ്പുമ്പോള്‍ അവിടുത്തെ കൃപകളാലും ദാനങ്ങളാലും ഞങ്ങളെ നിറയ്ക്കുവാന്‍ കനിവുണ്ടാകേണമേ. ജീവിതത്തില്‍ ഞങ്ങളിത്രത്തോളം സ്‌നേഹിച്ചിട്ടും സഹായിച്ചിട്ടും കൂടെ നടന്നിട്ടും ഞങ്ങളെ പരിഗണിക്കാതെ ഒരാവശ്യം വന്നപ്പോള്‍ മാത്രം ഞങ്ങളെ ഓര്‍ത്തു എന്ന് സ്‌നേഹിതരെക്കുറിച്ച് പരാതിപ്പെടുന്നവരാണ് ഞങ്ങളിലേറെയും. എന്നാല്‍ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ അനുദിനം ചൊരിയപ്പെട്ടിട്ടും. ഇടറാതിരിക്കാന്‍ സംരക്ഷണവും വീഴാതിരിക്കാന്‍ ഉറപ്പുമായ ദിവ്യകാരുണ്യ സ്‌നേഹത്താല്‍ നിരന്തരം വലയം ചെയ്യപ്പെട്ടിട്ടും. കാവലും കരുതലുമായി കൂടെ നടന്നിട്ടും ഞങ്ങളുടെ സങ്കടസമയങ്ങളിലും. ഭാരപ്പെടുത്തുന്ന സാഹചര്യങ്ങളിലും. പ്രതീക്ഷകള്‍ അസ്തമിച്ച ജീവിതത്തിന്റെ അടഞ്ഞവാതിലുകള്‍ക്കപ്പുറവും മാത്രം അങ്ങയെ തിരയുന്ന അവിശ്വസ്തരായ വെറും ആവശ്യക്കാരായി മാത്രം മാറുന്ന ഞങ്ങളുടെ സ്‌നേഹം ഒരിക്കലും അവിടുത്തെ മുന്‍പില്‍ ചോദ്യം ചെയ്യപ്പെടാറില്ല എന്ന സത്യം പലപ്പോഴും ഞങ്ങള്‍ വിസ്മരിക്കുന്നു. ഈശോയേ... ഞങ്ങള്‍ക്കു വഴി തെളിക്കുകയും. ഞങ്ങളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അങ്ങയില്‍ പൂര്‍ണ ഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കാന്‍ കഴിയാതെ പോയ എല്ലാ സാഹചര്യങ്ങളേയുമോര്‍ത്തു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ അങ്ങയെ അറിയുവാനും. സ്‌നേഹിക്കുവാനും. ഞങ്ങള്‍ക്കുള്ള സമസ്തവും അവിടുത്തെ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊണ്ട് നീതിയും സമാധാനവും വിളങ്ങുന്ന ദൈവാശ്രയ ബോധത്തില്‍ ജീവിക്കുവാനും അങ്ങു തന്നെ ഞങ്ങളെ സഹായിക്കേണമേ...
അത്ഭുത പ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ... ആമേന്‍