ഉപരിപഠനം പൂർത്തിയാക്കി തൊഴിൽ വിസ ലഭിക്കാതെ കേരളത്തിലേക്ക് മടങ്ങേണ്ടി വരുന്നത് മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ
വിദേശരാജ്യങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി തൊഴിൽ വിസ ലഭിക്കാതെ കേരളത്തിലേക്ക് മടങ്ങേണ്ടി വരുന്നത് മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ. കേരളത്തിലെ രാഷ്ട്രീയ മുന്നണികൾക്ക് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് സംസ്ഥാനം നേരിടാൻ പോകുന്ന ഈ ഗുരുതര സാഹചര്യം വ്യക്തമാക്കുന്നത്.
യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വിസ നിയമങ്ങൾ കർശനമാക്കിയതും സാമ്പത്തിക മാന്ദ്യവും മൂലം സ്റ്റേ-ബാക്ക് കാലാവധിക്ക് ശേഷം ജോലി കണ്ടെത്താനാവാതെ യുവാക്കൾ വലയുകയാണ്. ഇതിന്റെ ഫലമായി 2025-2027 കാലയളവിൽ വലിയൊരു വിഭാഗം യുവാക്കൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുമെന്നാണ് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദേശ പഠനത്തിനായി 15 മുതൽ 45 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുത്തവരാണ് ഭൂരിഭാഗം പേരും. ജോലി ലഭിക്കാതെ മടങ്ങുന്നത് ഇവരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും ജപ്തി നടപടികളിലേക്കും നയിക്കും.
തൊഴിലില്ലായ്മയും കടബാധ്യതയും മൂലം യുവാക്കൾക്കിടയിൽ വിഷാദരോഗവും ആത്മഹത്യാ പ്രവണതയും വർദ്ധിക്കുന്നു. കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശത്ത് തുടരാനായി വ്യാജ വിവാഹങ്ങൾക്കും, വീണ്ടും ലോണെടുത്ത് മറ്റ് രാജ്യങ്ങളിൽ കോഴ്‌സുകൾക്ക് ചേരുന്നതിനും, അനധികൃതമായി ലക്ഷങ്ങൾ മുടക്കി തൊഴിൽ വിസ സംഘടിപ്പിക്കാനും യുവാക്കൾ ശ്രമിക്കുന്നത് വലിയ അപകടമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട് . കേരള മൈഗ്രേഷൻ സർവ്വേ 2023 പ്രകാരം ഏകദേശം 2.5 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്ത് പഠിക്കുന്നത്.
എന്നാൽ ഇവരുടെ തിരിച്ചുവരവ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. തിരിച്ചെത്തുന്ന ഇത്രയും വലിയൊരു വിഭാഗത്തെ ഉൾക്കൊള്ളാൻ കേരളത്തിലെ തൊഴിൽ വിപണിയും സർക്കാരും അടിയന്തരമായി തയ്യാറെടുക്കണമെന്നും പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കണമെന്നുംകത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു .
ഷിജോ എടയാടിയിൽ, ജസ്റ്റിൻ ജോസ് നടക്കലാൻ എന്നിവരുടെ പിന്തുണയോടെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കോഓർഡിനേറ്റർ ലിയോൺ ജോസ് വിതയത്തിൽ ആണ് റിപ്പോർട്ട് തയ്യാറക്കിയത്.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഐഎഎസ്, മുൻ കേംബ്രിഡ്ജ് മേയർ ബൈജു തിറ്റാല തുടങ്ങിയ പ്രമുഖരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.