മണിക്കൂറുകള്‍കൊണ്ട് അക്കൗണ്ടിലെത്തിയത് 3500 കോടിയിലേറെ രൂപ; നെഞ്ചിടിപ്പ് മാറാതെ സുമേഷ് കുമാര്‍, ഒടുവില്‍ ആശ്വാസം
 

 
sumesh kumar


തൃപ്പൂണിത്തുറ: രണ്ടു തവണയായി തന്റെ അക്കൗണ്ടിലേക്ക് ഏഴുകോടിയിലേറെ രൂപ വന്നതു കണ്ടു ഞെട്ടിയ സുമേഷ് കുമാര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ബാങ്ക് ബാലന്‍സ് 3500 കോടി. സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റാത്തത്ര വലിയ തുക അക്കൗണ്ടിലെത്തിയതുകണ്ട് അന്ധാളിച്ചു പോയ സുമേഷ് ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് പഴയ രീതിയിലാക്കി. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് ഒരു പകല്‍ സമയത്തേക്ക് മാത്രമായെങ്കിലും കുബേരനായി മാറിയ എരൂരിലെ ദര്‍ശന സൂപ്പര്‍ മാര്‍ട്ട് ഉടമ ടി.യു. സുമേഷ് കുമാര്‍ പറയുന്നു.

വ്യാഴാഴ്ചയാണ് സംഭവം. സാധാരണ രാവിലെ 6.30-ന് തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാറുണ്ട്. പതിവുപോലെ 8.30-ഓടെ വീട്ടിലെത്തി. ബിസിനസ് സംബന്ധമായ ട്രാന്‍സാക്ഷന്‍സ് ഫോണില്‍ നോക്കുന്നത് പതിവാണ്. അങ്ങനെ നോക്കിയപ്പോഴാണ് തന്റെ അക്കൗണ്ടില്‍ വന്നിരിക്കുന്ന തുക കണ്ട് അന്ധാളിച്ചുപോയത്. മൂന്നരക്കോടിയിലേറെ രൂപ ആദ്യം വന്നു. പിന്നെയും അത്രത്തോളം തുക വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നു.

ബാങ്ക് ബാലന്‍സായി കിടക്കുന്ന തുക കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. എണ്ണാന്‍ പോലും പറ്റാത്ത വിധം അക്കങ്ങള്‍. 3500 കോടിയിലധികം രൂപയായിരുന്നു അത്. എന്തോ കുഴപ്പം സംഭവിച്ചതായി തോന്നി. പിന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നോക്കി. എന്നിട്ടും മാറ്റം ഒന്നും കണ്ടില്ല. ഉടന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എന്തു ചെയ്യണമെന്ന് ചോദിച്ച് സുഹൃത്തുക്കളുള്ള ഗ്രൂപ്പില്‍ ഇട്ടു. വിവരം പറഞ്ഞ് വോയ്‌സ് മെസേജും.


വിജിലന്‍സിലുള്ള വ്യക്തി പറഞ്ഞതു പ്രകാരം ഉടന്‍ ആര്‍.ബി.ഐ.യിലും അക്കൗണ്ടുള്ള സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ച് ഹെഡ്ഡിനെയും അറിയിച്ചു. സ്‌ക്രീന്‍ ഷോട്ടും അയച്ചുകൊടുത്തു. എത്രയുംപെട്ടെന്ന് തന്റെ ബാങ്ക് അക്കൗണ്ട് പഴയ രീതിയിലാക്കിത്തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണെന്ന് ബാങ്കുകാര്‍ക്കും ആദ്യം പിടിത്തം കിട്ടിയില്ല. ഉച്ചയായിട്ടും മാറ്റം ഒന്നും വരാതിരുന്നപ്പോള്‍ പരാതിപ്പെടുമെന്ന് ബാങ്കുകാരെ അറിയിച്ചു. കുറച്ചു കൂടി ക്ഷമിക്കാന്‍ അവര്‍ പറഞ്ഞു. വൈകീട്ടായതോടെ ബാങ്ക് അക്കൗണ്ട് പഴയ രീതിയിലായി. അപ്പോഴാണ് ആശ്വാസമായത്. എന്താണ് സംഭവിച്ചതെന്ന് ബാങ്കുകാരും പറഞ്ഞിട്ടില്ല- സുമേഷ് കുമാര്‍ പറഞ്ഞു.

ക്ലറിക്കല്‍ തെറ്റ് മൂലമോ ടെക്നിക്കല്‍ തകരാര്‍ മൂലമോ വലിയ തുക തെറ്റി അക്കൗണ്ടില്‍ വരാമെന്ന് ബാങ്കിങ് വിദഗ്ധന്‍ പറയുന്നു. തുകയുടെ സ്ഥാനത്ത് ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തുന്നതുമൂലം വലിയ തുക എത്തിയ കേസുകളും ഉണ്ടായിട്ടുണ്ട്.

Tags

Share this story

From Around the Web