മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയില്‍ അടിയന്തരസഹായം തേടി ഒമ്പത് ലക്ഷത്തിലധികം ജനങ്ങള്‍
മൊസാംബിക്കിന്റെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയില്‍ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ 'ജൊഹാനിറ്റര്‍ ഇന്റര്‍നാഷണല്‍ അസിസ്റ്റന്‍സ്' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വടക്കന്‍ മൊസാംബിക്കിലെ 11 ലക്ഷത്തോളം ജനങ്ങള്‍ അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരാണ്.
ഇതില്‍ 9,19,000 പേരും കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഉള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തീവ്രവാദ ആക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായ ജനങ്ങളില്‍ പകുതിയോളം പേര്‍ക്ക് മാത്രമാണ് നിലവില്‍ എന്തെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നത്.
ആരോഗ്യ സംരക്ഷണം, ആഹാരം, വിദ്യാഭ്യാസം, സുരക്ഷിതത്വം എന്നിവയാണ് ഇവിടുത്തെ ജനങ്ങള്‍ അടിയന്തരമായി ആവശ്യപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനായുള്ള ഓഫീസ് (ഛഇഒഅ) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാത്രം 12,000-ത്തിലധികം ആളുകളാണ് അക്രമങ്ങളെ ഭയന്ന് വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നത്.
2026-ന്റെ തുടക്കം മുതല്‍ ഇതുവരെ 26,000-ത്തിലധികം ആളുകള്‍ പലായനം ചെയ്തു കഴിഞ്ഞു. ഇതില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ജൂണില്‍ പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒറ്റ പ്രദേശത്തേക്ക് ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതോടെ ലഭ്യമായ കുറഞ്ഞ വിഭവങ്ങള്‍ക്കായുള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാകുകയാണ്. പ്രദേശത്ത് നിലനില്‍ക്കുന്ന കടുത്ത വരള്‍ച്ചയും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. 2017-ല്‍ അല്‍-ഷബാബ് എന്ന സായുധ തീവ്രവാദ ഗ്രൂപ്പ് ആരംഭിച്ച ആക്രമണങ്ങളാണ് ഈ പ്രദേശത്തെ തകര്‍ത്തത്.
പ്രവിശ്യയിലെ പ്രകൃതിവാതക ഖനന മേഖലകളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ഇതിനെത്തുടര്‍ന്ന് ഫ്രഞ്ച് കമ്പനിയായ 'ടോട്ടല്‍ എനര്‍ജീസ്' ഇവിടെ നിര്‍ത്തിവച്ചിരുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ 2026 അവസാനത്തോടെ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രദേശത്തെ സുരക്ഷാ സാഹചര്യം ഇപ്പോഴും സങ്കീര്‍ണ്ണമായി തുടരുകയാണ്.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പരിക്കേറ്റവര്‍ക്കും അഭയാര്‍ഥികള്‍ക്കുമായി കത്തോലിക്കാ സഭയും വിവിധ ഏജന്‍സികളും ആശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.