നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ നാനൂറിലധികം പേരെ മോചിപ്പിച്ചു
വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുനിന്ന് ഈ വർഷം ആദ്യം ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 400-ലധികം പേരെ മോചിപ്പിച്ചു. എൻഗോഷെ ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ 416 സ്ത്രീകളെയും കുട്ടികളെയുമാണ് ഭീകരർ ജൂൺ ആറിന് മോചിപ്പിച്ചത്. ബോർണോയിൽ നിന്നുള്ള സെനറ്ററും പ്രാദേശിക യുവജന സംഘടനയും ജൂൺ ഏഴ് ഞായറാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്.
തങ്ങളുടെ മധ്യസ്ഥതയിലാണ് ഭീകരരുടെ പിടിയിലായിരുന്ന മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതെന്ന് ബോർണോ സൗത്ത് യൂത്ത് അലയൻസ് പ്രസിഡന്റ് സമൈല കൈഗാമ മാധ്യമങ്ങളോട് പറഞ്ഞു. ബോർണോയിൽ നിന്നുള്ള സെനറ്റർ മുഹമ്മദ് അലി ദുമെയും (Mohammed Ali Ndume) വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
തടവിലാക്കപ്പെട്ടവരെ ഏത് സാഹചര്യത്തിലാണ് ഭീകരർ വിട്ടയച്ചതെന്ന് വ്യക്തമല്ല. സാധാരണയായി ഇത്തരം തട്ടിക്കൊണ്ടുപോകലുകൾക്ക് പിന്നിൽ വൻ തുക മോചനദ്രവ്യമായി ഭീകരർ ആവശ്യപ്പെടാറുണ്ട്. എന്നാൽ തങ്ങൾ മോചനദ്രവ്യം നൽകിയിട്ടില്ലെന്നാണ് നൈജീരിയൻ അധികൃതർ അവകാശപ്പെടുന്നത്. അതേസമയം, സർക്കാരും ഇരകളുടെ കുടുംബങ്ങളും ഭീകരർക്ക് പണം നൽകാറുണ്ടെന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭീകരരും ഇരകളുടെ കുടുംബങ്ങളും തമ്മിൽ ചർച്ചകൾ നടത്താൻ മധ്യസ്ഥരായി നിന്നത് പ്രാദേശിക യുവജന സംഘടനയായ BOSYA ആയിരുന്നു. എന്നാൽ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവരും തയ്യാറായിട്ടില്ല.