യേശുവിനെ കാണിച്ച് നല്‍കാമെന്ന് പറഞ്ഞ് പട്ടിണിക്കിട്ട് കൊന്നത് അഞ്ഞൂറിലധികം പേരെ, പാസ്റ്റര്‍ക്ക് തടവ് ശിക്ഷ

 
neyrobii


നെയ്റോബി: യേശുവിനെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കുറ്റവാളിയായ പാസ്റ്റര്‍ക്ക് 200 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 'ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്' തലവനായ പോള്‍ മക്കെന്‍സിയെയാണ് മൊംബാസ ഹൈക്കോടതി ജീവപര്യത്തോളം പോന്ന തടവുശിക്ഷയ്ക്ക് വിധിച്ചത്. ലോകം അവസാനിക്കുന്നതിന് മുന്‍പ് യേശുവിനെ കാണാന്‍ മരണം വരെ ഉപവസിക്കണമെന്ന വിചിത്ര വാദം മുഴക്കിയാണ് ഇയാള്‍ നൂറുകണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിട്ടത്.

കെനിയയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ പള്ളിയില്‍ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയതോടെയാണ് ഭീകരമായ ഈ നരഹത്യ പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആരാധനാലയത്തിന് സമീപത്തെ ശാഖാഹോള വനമേഖലയില്‍ നിന്ന് 400-ലധികം കുഴിമാടങ്ങളും അഞ്ഞൂറിലധികം മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തു. 190 കുട്ടികളും മുതിര്‍ന്നവരുള്‍പ്പെടെ 191 പേരാണ് പട്ടിണി കിടന്നും മര്‍ദ്ദനമേറ്റും ദാരുണമായി കൊല്ലപ്പെട്ടത്. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വര്‍ഷവും നേരിട്ടുള്ള കൊലപാതകങ്ങള്‍ക്ക് 100 വര്‍ഷവും ഉള്‍പ്പെടെ ജസ്റ്റിസ് ഡയാന കവേദ്‌സയാണ് ശിക്ഷ വിധിച്ചത്.


ടാക്‌സി ഡ്രൈവറായിരുന്ന പോള്‍ മക്കെന്‍സി 2003-ലാണ് ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്. പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസത്തെയും ആശുപത്രി ചികിത്സയെയും എതിര്‍ത്ത ഇയാള്‍, ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ 'പിശാചിന്റെ അടയാളമാണെന്ന്' പ്രചരിപ്പിച്ചു. 2019-ല്‍ പള്ളി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് അനുയായികളുമായി കാട്ടിലേക്ക് കടന്ന ഇയാള്‍ അവിടെ ക്രൂരമായ പീഡനങ്ങളാണ് അഴിച്ചുവിട്ടത്. ഉപവാസം ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും, പട്ടിണി കിടന്ന കുട്ടികള്‍ ഭക്ഷണം മോഷ്ടിച്ചപ്പോള്‍ മുറികളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. ഗര്‍ഭിണികള്‍ മുലയൂട്ടുന്നതില്‍ നിന്ന് വിലക്കിയതിനെത്തുടര്‍ന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ മരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

Tags

Share this story

From Around the Web