കാനഡയില്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള ദേവാലയം കത്തിനശിച്ചു; ആസൂത്രിത തീവെപ്പെന്ന് അഗ്‌നിശമന സേന
ഒട്ടാവ (കാനഡ): കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവെച്ച് നശിപ്പിച്ചു. സംഭവത്തില്‍ 68-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് സൈമണ്‍ സ്വദേശിയായ ഗില്‍സ് മാലെറ്റ് എന്നയാളെയാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 24 തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പള്ളിയില്‍ വന്‍ തീപിടിത്തമുണ്ടായത്.
തടിയില്‍ നിര്‍മ്മിച്ച പ്രൗഢഗംഭീരമായ ദേവാലയ നിര്‍മ്മിതിയില്‍ തീ നിമിഷങ്ങള്‍ക്കകം പടര്‍ന്നുപിടിക്കുകയും പൂര്‍ണ്ണമായി കത്തിനശിക്കുകയുമായിരിന്നു. തീപിടിത്തമുണ്ടാകുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തം സ്വാഭാവികമല്ലെന്നും ബോധപൂര്‍വ്വം തീയിട്ടതാണെന്നും അഗ്‌നിരക്ഷാസേന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസിന് ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.
തീര്‍ത്തും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും തലമുറകളുടെ ജ്ഞാനസ്‌നാനത്തിനും വിവാഹങ്ങള്‍ക്കും വിടവാങ്ങലുകള്‍ക്കും സാക്ഷ്യം വഹിച്ച ഈ ദേവാലയം കൂട്ടായ്മയുടെ ഹൃദയമായിരുന്നുവെന്ന് ബാത്തുര്‍സ്റ്റ് ബിഷപ്പ് മൈക്കിള്‍ പ്രോളക്‌സ് പറഞ്ഞു. 1910-ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളി മേഖലയിലെ ഏറ്റവും വലിയ മരം കൊണ്ട് നിര്‍മ്മിച്ച പള്ളികളിലൊന്നായിരുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള ദേവാലയം പൂര്‍ണ്ണമായി നശിച്ചത് പ്രാദേശിക കത്തോലിക്ക സമൂഹത്തിനിടയില്‍ വലിയ ദുഃഖത്തിന് കാരണമായിരിക്കുകയാണ്.