നൈജീരിയയില്‍ 850 ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്

കടൂണ: നൈജീരിയയിലെ തെക്കന്‍ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തില്‍ നൂറുകണക്കിന് ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് നൈജീരിയന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ദി റൂള്‍ ഓഫ് ലോയുടെ വെളിപ്പെടുത്തല്‍ (ഇന്റര്‍ സൊസൈറ്റി).
തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനി ഇടയന്മാരാണ് തട്ടിക്കൊണ്ടുപോകുന്നതിന് ചുക്കാന്‍ പിടിക്കുന്നതിന് സംഘടന വെളിപ്പെടുത്തി.
തീവ്രവാദി ആക്രമണത്തിന് ഇരയായവരില്‍ നിന്നുള്ള സാക്ഷ്യങ്ങള്‍ സമാഹരിച്ച് 'ഇന്‍സൈഡ് റിജാന: നൈജീരിയാസ് ഹോസ്റ്റേജ് ഫോറസ്റ്റ്' എന്ന തലക്കെട്ടില്‍ 'ട്രൂത്ത് നൈജീരിയ' ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇന്റര്‍ സൊസൈറ്റിയുടെ കണക്കുകള്‍.
മാസങ്ങളോളം തടവിലാക്കപ്പെട്ട ഇരകള്‍ താമസിക്കുന്ന 11 വലിയ ക്യാമ്പുകള്‍ റിജാനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഓരോന്നിലും അന്‍പതില്‍ അധികം തടവുകാരുണ്ട്. ഏകദേശം 30 തടവുകാരുള്ള 10 ചെറിയ ക്യാമ്പുകളുണ്ടെന്നും സൂചനയുണ്ട്.
ഓഗസ്റ്റ് വരെ ഗ്രാമത്തില്‍ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളുടെ ആകെ എണ്ണം 850 ആണെന്ന് കണക്കാക്കപ്പെടുന്നു.
റിജാന വനത്തിനുള്ളിലും നൈജീരിയന്‍ സൈനിക താവളത്തിനടുത്തും, കടൂണ സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തുള്ള കാച്ചിയ കൗണ്ടിയിലും, 850 ക്രൈസ്തവര്‍ ബന്ദികളായി തുടരുകയാണെന്ന് ട്രൂത്ത് നൈജീരിയ വ്യക്തമാക്കുന്നു. റിജാനയില്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്ക് മുന്നില്‍ നൈജീരിയന്‍ അധികാരികള്‍ നിശബ്ദത പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കടൂണ - അബുജ ഹൈവേയിലാണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ക്രൈസ്തവര്‍ ഏറ്റവും അധികം പീഡനം ഏറ്റുവാങ്ങുന്ന നൈജീരിയായിലെ ദയനീയ അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.