ആഗോളതാപനം മൂന്ന് ഡിഗ്രി കടന്നാല്‍ ഇന്ത്യയിലെ 80 ശതമാനത്തിലേറെ മുതിര്‍ന്ന പൗരന്മാരെ കഠിനമായ ചൂട് ബാധിക്കുമെന്ന് പഠനം

 
Heat

ആഗോളതാപനം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നാല്‍ ഇന്ത്യയിലെ 80 ശതമാനത്തിലധികം മുതിര്‍ന്ന പൗരന്മാര്‍ കടുത്ത ചൂട് നേരിടേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ട്. 

പ്രശസ്തമായ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് മാസികയിലാണ് പ്രായമായവരെ ബാധിക്കുന്ന ചൂടിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഡല്‍ഹിയും ഉത്തരേന്ത്യന്‍ സമതലങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്ക് വര്‍ഷത്തില്‍ 2000 മണിക്കൂറിലധികം സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രായം കൂടുന്തോറും ശരീരത്തിന് ചൂടിനെ ചെറുക്കാനുള്ള ശേഷി കുറയുന്നതാണ് പ്രായമായവരെ പെട്ടെന്ന് രോഗബാധിതരാക്കുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് പ്രായമായവരില്‍ വിയര്‍പ്പ് കുറയുന്നതും രക്തയോട്ടത്തിന്റെ വേഗത കുറയുന്നതും ഹൃദയാഘാതത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. 

മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് രാപ്പകലില്ലാതെ കഠിനമായ ഈ ചൂട് തുടര്‍ച്ചയായി അനുഭവപ്പെടാന്‍ സാധ്യതയുള്ളത്.


രാത്രിയിലും കടുത്ത ചൂട് നിലനില്‍ക്കുന്നത് കാരണം പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വിശ്രമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകും. 

കൃഷിയെയും സാധാരണക്കാരുടെ വരുമാനത്തെയും ഇത് സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

അതുകൊണ്ട് തന്നെ പ്രായമായവരെ സംരക്ഷിക്കാന്‍ പ്രത്യേക കരുതല്‍ നല്‍കണമെന്നും തണുപ്പ് ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Tags

Share this story

From Around the Web