ലോകമെമ്പാടും 50 കോടി ക്രൈസ്തവര്‍ ബൈബിളിന് നിയന്ത്രണങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്, 'ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവ്'  തയ്യാറാക്കിയ രണ്ടാമത് വാര്‍ഷിക ലിസ്റ്റിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

 
bible



ലണ്ടന്‍: ലോകമെമ്പാടുമുള്ള 50 കോടിയിലധികം ക്രൈസ്തവര്‍ക്ക് ബൈബിള്‍ സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരുന്നതായി ആഗോള പഠന റിപ്പോര്‍ട്ട്. 'ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവ്'  തയ്യാറാക്കിയ രണ്ടാമത് വാര്‍ഷിക ലിസ്റ്റിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, മതപീഡനം, ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഡിജിറ്റല്‍ വിലക്കുകള്‍ എന്നിവയെ തുടര്‍ന്നു വിശ്വാസികള്‍ക്ക് വിശുദ്ധ ബൈബിള്‍ ലഭ്യമാകുന്നതിന് പ്രധാന തടസ്സങ്ങളാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 106 രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.


ബൈബിള്‍ കൈവശം വെയ്ക്കുന്നതില്‍ മാത്രമല്ല, അതിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലുമെല്ലാം കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബൈബിള്‍ ആക്സസ് ലിസ്റ്റ് സഹസ്ഥാപകന്‍ വൈബോ നിക്കോളായ് വ്യക്തമാക്കി. ബൈബിള്‍ അച്ചടി, ഇറക്കുമതി, സംഭരണം, വിതരണം, കൈവശം വെക്കല്‍ തുടങ്ങിയ ഓരോ ഘട്ടത്തിലും വിവിധ രാജ്യങ്ങളില്‍ നിയമപരവും സാമൂഹികവുമായ വിലക്കുകള്‍ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും ബൈബിള്‍ കൈവശം വെയ്ക്കുന്നത് പിഴശിക്ഷയ്ക്കും പിടിച്ചെടുക്കലിനും മാത്രമല്ല, ജീവനു തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിനും കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ രാജ്യങ്ങളിലാണ് ബൈബിള്‍ ലഭ്യതയ്ക്ക് ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളും വിലക്കും നേരിടുന്നത്. ജനസംഖ്യാനുപാതത്തില്‍ വിശ്വാസികള്‍ ബൈബിള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ലഭ്യമാകാത്ത 'ബൈബിള്‍ ക്ഷാമ പട്ടികയില്‍' കോംഗോ, എത്യോപ്യ, നൈജീരിയ, ഇന്ത്യ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 33 രാജ്യങ്ങളിലായി ഏകദേശം 8.2 കോടി ക്രൈസ്തവര്‍ ബൈബിളിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.


ഇന്റര്‍നെറ്റിലൂടെ ബൈബിള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പലയിടങ്ങളിലും അത് പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 42 രാജ്യങ്ങളിലായി 40 കോടിയിലധികം ക്രൈസ്തവര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. കൂടാതെ, 48 രാജ്യങ്ങളിലായി 27.7 കോടി ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്രൈസ്തവ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍, ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റി, ഫ്രണ്ട്ലൈന്‍സ് ഇന്റര്‍നാഷണല്‍, ദി വോയ്‌സ് ഓഫ് ദി മാര്‍ട്ടിേഴ്സ്, യു-വേര്‍ഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവിന് നേതൃത്വം നല്‍കുന്നത്.

Tags

Share this story

From Around the Web