പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനക്ക് യുഎസിലെ 50 ശതമാനത്തിലധികം മുതിര്‍ന്നവരുടെ പിന്തുണ

വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഭൂരിഭാഗം മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ 52% മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന നടത്തുന്നതിനെ പിന്തുണച്ചു. ഇതില്‍ 27% പേര് അതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും 26% പേര് അതിനെ അനുകൂലിക്കുന്നുവെന്നും പറയുന്നു.
'പൊതുവിദ്യാലയങ്ങളില്‍ മതത്തിന്റെ സ്ഥാനത്തെക്കുറിച്ച് പ്രത്യേകിച്ച് ക്രിസ്തുമതത്തെക്കുറിച്ച് അമേരിക്കയിലുടനീളം സംവാദങ്ങള്‍ നടക്കുന്നുണ്ട്,' നിയമപരമായ സംവാദങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
2025-2026 അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ എല്ലാ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഒരു നിയമത്തില്‍ ഒപ്പുവച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട് വരുന്നത്.
ടെക്സസിലെ ഓരോ പബ്ലിക് എലിമെന്ററി അല്ലെങ്കില്‍ സെക്കന്‍ഡറി സ്കൂള്‍ ക്ലാസ് മുറിയിലും 'പത്ത് കല്‍പ്പനകളുടെ ഈടുനില്‍ക്കുന്ന പോസ്റ്റര്‍ അല്ലെങ്കില്‍ ഫ്രെയിം ചെയ്ത പകര്‍പ്പ്' തൂക്കിയിടണമെന്ന് നിയമനിര്‍മാണം ആവശ്യപ്പെടുന്നു. 2023 ജൂലൈ 17 മുതല്‍ 2024 മാര്‍ച്ച് 4 വരെ യുഎസിലെ 36,908 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വേയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്യൂവിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂരിഭാഗം മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, സംസ്ഥാനങ്ങള്‍ തമ്മില്‍ നിലപാടുകളില്‍ കാര്യമായ അന്തരമുണ്ട്. മിസിസിപ്പി, സൗത്ത് കരോലിന, ഒക്ലഹോമ, കെന്റക്കി, സൗത്ത്, നോര്‍ത്ത് ഡക്കോട്ട, നെബ്രാസ്ക, ഒഹായോ, മിഷിഗണ്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ തെക്കന്‍, മിഡ്വെസ്റ്റേണ്‍ ഭാഗങ്ങളിലുടനീളമുള്ള 22 സംസ്ഥാനങ്ങളിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും പൊതുവിദ്യാലയങ്ങളിലെ ക്രൈസ്തവ പ്രാര്‍ത്ഥനയെ പിന്തുണയ്ക്കുന്നു.
അതേസമയം കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍, വെര്‍മോണ്ട്, കണക്റ്റിക്കട്ട്, ന്യൂ ഹാംഷെയര്‍, മസാച്യുസെറ്റ്സ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, മിനസോട്ട, കൊളറാഡോ, ഇല്ലിനോയിസ് എന്നീ 12 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെയും മുതിര്‍ന്നവരില്‍ ഭൂരിഭാഗവും പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനയെ എതിര്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയുടെ പിശകുകളുടെ മാര്‍ജിനുകള്‍ കണക്കാക്കിക്കഴിഞ്ഞാല്‍, ശേഷിക്കുന്ന 16 സംസ്ഥാനങ്ങളിലും പ്രാര്‍ത്ഥനയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെ സംഖ്യ ഏകദേശം തുല്യമാണ്. അതേസമയം അമേരിക്കയിലെ മുതിര്‍ന്നവരില്‍ 57 ശതമാനമാളുകളും ദൈവത്തെ പരാമര്‍ശിക്കുന്ന പ്രാര്‍ത്ഥന പൊതുവിദ്യാലയങ്ങളില്‍ നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായി സര്‍വേ ഫലം വ്യക്തമാക്കുന്നു.