50 കോടിയിലധികം ക്രൈസ്തവ വിശ്വാസികള്‍ ബൈബിള്‍ ലഭ്യമാകുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്
ലോകമെമ്പാടുമുള്ള അന്‍പത് കോടിയിലധികം ക്രിസ്തുമതവിശ്വാസികള്‍ ബൈബിള്‍ ലഭ്യമാകുന്നതിലും ഉപയോഗിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങളും പ്രതിസന്ധികളും നേരിടുന്നതായി ആഗോള പഠന റിപ്പോര്‍ട്ട്.
'ബൈബിള്‍ ആക്‌സസ് ലിസ്റ്റ് 2026' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, തീവ്രവാദ അക്രമങ്ങള്‍, സാമൂഹിക-കുടുംബ സമ്മര്‍ദങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ബൈബിള്‍ കൈവശം വയ്ക്കുന്നതിനും വായിക്കുന്നതിനും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ 25 കോടിയിലധികം ആളുകള്‍ കടുത്ത വിവേചനവും വിലക്കുകളുമാണ് നേരിടുന്നത്.
ലോകത്തിലെ 39 രാജ്യങ്ങളില്‍ ബൈബിള്‍ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനമോ കടുത്ത നിയന്ത്രണങ്ങളോ ഉണ്ട്. 34 രാജ്യങ്ങളില്‍ വ്യക്തിപരമായി ബൈബിള്‍ കൈവശം വയ്ക്കുന്നത് പോലും ശിക്ഷാര്‍ഹമാണ്.
അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, ഉത്തര കൊറിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് ബൈബിള്‍ ലഭ്യമാകുന്നതില്‍ ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.
ഭരണകൂട വിലക്കുകള്‍ക്ക് പുറമേ, ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വൈദ്യുതിയില്ലായ്മ, നിരക്ഷരത തുടങ്ങിയ കാരണങ്ങളാല്‍ 33 രാജ്യങ്ങളിലായി 55 കോടിയോളം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നില്ല.
ബൈബിള്‍ ആപ്പുകളും ഡിജിറ്റല്‍ പതിപ്പുകളും വ്യാപകമാണെങ്കിലും, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ 40 കോടിയോളം ആളുകള്‍ക്ക് ഇത് ലഭ്യമാകുന്നില്ല. കൂടാതെ, ചൈന ഉള്‍പ്പെടെയുള്ള 48 രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വഴി ബൈബിള്‍ വായിക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും സുരക്ഷിതമല്ലെന്നും നിരന്തരമായ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബൈബിള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിട്ടും ഒരു പ്രതിപോലും കൈവശമില്ലാത്ത 12.5 കോടിയോളം (125 ാശഹഹശീി) ക്രിസ്ത്യാനികള്‍ ലോകത്തുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, നൈജീരിയ, ഇന്ത്യ, ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ് ബൈബിള്‍ ക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.