2024ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍

 
 jesus christ-58

വാഷിംഗ്ടണ്‍ ഡിസി: 2024-ല്‍ യുഎസിലെ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 400-ലധികം 'ശത്രുതാപരമായ പ്രവൃത്തികള്‍' അരങ്ങേറിയതായി ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ (എഫ്ആര്‍സി) റിപ്പോര്‍ട്ട്.

ദൈവാലയങ്ങള്‍ക്കെതിരെ അരങ്ങേറിയ 415 അക്രമ സംഭവങ്ങളില്‍  284 നശീകരണ പ്രവര്‍ത്തനങ്ങള്‍, 55 തീവയ്പ്പ് കേസുകള്‍, 28 തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, 14 ബോംബ് ഭീഷണികള്‍, 47  മറ്റ് ശത്രുതാപരമായ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രതിമാസം ശരാശരി 35 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മിക്ക സംഭവങ്ങള്‍ക്കും കുറ്റവാളിയോ ഉദ്ദേശ്യമോ വ്യക്തമല്ലെന്ന് എഫ്ആര്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില പ്രവൃത്തികള്‍ ക്രിസ്തുമതത്തോടുള്ള വിദ്വേഷത്താല്‍ പ്രേരിതമാണെന്നും ചിലത് സാമ്പത്തിക നേട്ടത്താല്‍ പ്രേരിതമാണെന്നും മറ്റുചിലത്  കൗമാരക്കാരുടെ 'വിനാശകരമായ വിനോദങ്ങളാണെന്നും' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ നടത്തിയ ഒരു അക്രമ സംഭവം മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  2022-ല്‍ ഗര്‍ഭഛിദ്രത്തെ പിന്തുണച്ചതിന്റെ പേരില്‍  59 അക്രമങ്ങള്‍ നടന്ന സ്ഥാനത്താണിത്. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭരണഘടനാപരമായ അധികാരം നല്‍കുന്ന 'റോയ് വി വേഡ്'  വിധി 2022-ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ദൈവാലയങ്ങള്‍ക്കെതിരായി നടത്തുന്ന അക്രമങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ നേതാക്കള്‍ അത്തരം നടപടികളെ അപലപിക്കുകയും മതസ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണമെന്ന് എഫ്ആര്‍സിയുടെ സെന്റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടി ഡയറക്ടര്‍ ഏരിയല്‍ ഡെല്‍ ടര്‍ക്കോ പ്രതികരിച്ചു.
 

Tags

Share this story

From Around the Web