കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മെഡിറ്ററേനിയന്‍ കടലില്‍ മരിച്ചവരും കാണാതായവരുമായി 32,700-ലധികം പേരെന്ന് സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന

വത്തിക്കാന്‍:കുടിയേറ്റശ്രമങ്ങളുടെ ഭാഗമായുള്ള യാത്രയില്‍ മുപ്പത്തിരണ്ടായിരത്തിയെഴുന്നൂറിലധികം പേരാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ മെഡിറ്ററേനിയന്‍ കടലില്‍ മരണമടയുകയോ കാണാതാകപ്പെടുകയോ ചെയ്തതെന്ന് സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന.
2025-ല്‍ മാത്രം ആയിരത്തിയിരുന്നൂറോളം പേരാണ് ഈ കണക്കില്‍പ്പെട്ടിരിക്കുന്നതെന്നും ഒക്ടോബര്‍ ഒന്നാം തീയതി ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പില്‍ സംഘടന എഴുതി.
ഇങ്ങനെ മരണമടയുകയും കാണാതാവുകയും ചെയ്തവരില്‍ നിരവധി കുട്ടികളുമുണ്ടായിരുന്നുവെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
2025-ല്‍ മാത്രം അന്‍പതിനായിരത്തില്‍പ്പരം ആളുകള്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്കെത്തിയിട്ടുണ്ടെന്ന് എഴുതിയ സേവ് ദി ചില്‍ഡ്രന്‍, ഇവരില്‍ 9,156 പേര്‍ മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ ഒപ്പമല്ലാതെയെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നുവെന്ന് വിശദീകരിച്ചു.
2025-ല്‍ മുതിര്‍ന്നവര്‍ കൂടെയില്ലാത്ത ഒന്‍പതിനായിരത്തിലധികം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കടല്‍ കടന്നെത്തിയെന്നും, മൊത്തം കുടിയേറ്റക്കാരുടെ പതിനെട്ട് ശതമാനവും കുട്ടികളാണെന്നും, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ അന്താരാഷ്ട്രസംഘടന വിശദീകരിച്ചു.
നമ്മുടെ മനഃസാക്ഷിയുണര്‍ത്തേണ്ട ഈ കണക്കുകളുടെ മുന്നില്‍, കടലില്‍പ്പെടുന്ന ആളുകളെ തിരയുന്നതിനും രക്ഷിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും, യൂറോപ്പിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനുവേണ്ട മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കണമെന്നും സേവ് ദി ചില്‍ഡ്രന്‍ ഓര്‍മ്മിപ്പിച്ചു.
യുദ്ധങ്ങളും, പീഡനങ്ങളും കാരണവും, മാനവികാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുന്നതിനാലും, അതികഠിന ദാരിദ്ര്യത്താലും പട്ടിണിയാലും, മാനവികപ്രതിസന്ധികളാലുമാണ് നിരവധിയാളുകള്‍ സ്വരാജ്യങ്ങള്‍ ഉപേക്ഷിച്ച് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സംഘടന തങ്ങളുടെ പത്രക്കുറിപ്പില്‍ എഴുതി.
ഈ വര്‍ഷവും ഒക്ടോബര്‍ മൂന്നിന് ഇറ്റലിയുടെ തെക്കന്‍ തീരത്തുള്ള ലാമ്പെദൂസയില്‍ ഇറ്റലിക്കാരും വിദേശികളുമായ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കപ്പെടുന്ന പഠനശിബിരത്തില്‍ സേവ് ദി ചില്‍ഡ്രന്‍ സംഘടനയും പങ്കെടുക്കുമെന്നും പത്രക്കുറിപ്പിലൂടെ ഈ അന്താരാഷ്ട്രസംഘടന വ്യക്തമാക്കി.
2013 ഒക്ടോബര്‍ മൂന്നിന് ലാമ്പെദൂസയ്ക്കടുത്തുണ്ടായ അപകടത്തില്‍ 368 പേര്‍ മരണമടഞ്ഞിരുന്നു.