നൈജീരിയയില്‍ വിവിധ ആക്രമണങ്ങളില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട 300 പേരെ മോചിപ്പിച്ചു
നൈജീരിയ:നൈജീരിയയില്‍ വിവിധ ആക്രമണങ്ങളില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 300-ലധികം ആളുകളെ സുരക്ഷാ സേനയുടെ രഹസ്യനീക്കത്തിലൂടെ മോചിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഒരൊറ്റദിവസത്തെ കൂട്ടമോചനമാണിത്.
നൈഗര്‍, ക്വാരസംസ്ഥാനങ്ങളില്‍ നിന്നായി തട്ടിക്കൊണ്ടുപോയ 308 നൈജീരിയന്‍ പൗരന്മാരെയാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ഇതില്‍ 163 പേര്‍ ക്വാര സംസ്ഥാനത്തെ കയാമ തദ്ദേശഭരണ പ്രദേശത്തുനിന്നും 145 പേര്‍ നൈഗര്‍ സംസ്ഥാനത്തുനിന്നും ഉള്ളവരാണ്.
നൈഗര്‍ സംസ്ഥാനത്തെ കെയ്ഞ്ചി ലേക്ക് നാഷണല്‍ പാര്‍ക്ക് വനമേഖലയില്‍ നിന്നാണ് ഒരേ ദിവസത്തെ ഏകോപിത രഹസ്യാന്വേഷണ ഓപ്പറേഷനിലൂടെ ബന്ധികളെ മോചിപ്പിച്ചത്.
നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍, സായുധ സേന, പൊലീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സര്‍വീസസ് എന്നിവര്‍ സംയുക്തമായാണ് ഈ ചരിത്രപരമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഫെബ്രുവരി മൂന്നിന് ക്വാര സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ബോക്കോ ഹറാമുമായി ബന്ധമുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിടയിലാണ് ഇത്രയധികം ആളുകളെ തട്ടിക്കൊണ്ടുപോയത്. ആ ആക്രമണത്തില്‍ കുറഞ്ഞത് 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മോചന വാര്‍ത്തയെ സ്വാഗതം ചെയ്ത പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, ധീരതയോടെ പ്രവര്‍ത്തിച്ച സുരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ചു.
രാജ്യത്ത് മോചനദ്രവ്യത്തിനുവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും സായുധ സംഘങ്ങളുടെ ആക്രമണങ്ങളും വലിയൊരു പ്രതിസന്ധിയായി തുടരുന്നതിനിടയിലാണ് ഈ ആശ്വാസവാര്‍ത്ത പുറത്തുവരുന്നത്.