നൈജീരിയയിൽ വിവിധ ആക്രമണങ്ങളിൽ തട്ടിക്കൊണ്ടു പോകപ്പെട്ട 300 പേരെ മോചിപ്പിച്ചു

 
nigeria

നൈജീരിയയിൽ വിവിധ ആക്രമണങ്ങളിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 300-ലധികം ആളുകളെ സുരക്ഷാ സേനയുടെ രഹസ്യനീക്കത്തിലൂടെ മോചിപ്പിച്ചതായി സർക്കാർ അറിയിച്ചു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഒരൊറ്റദിവസത്തെ കൂട്ടമോചനമാണിത്. നൈഗർ, ക്വാര (Kwara) സംസ്ഥാനങ്ങളിൽ നിന്നായി തട്ടിക്കൊണ്ടുപോയ 308 നൈജീരിയൻ പൗരന്മാരെയാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇതിൽ 163 പേർ ക്വാര സംസ്ഥാനത്തെ കയാമ തദ്ദേശഭരണ പ്രദേശത്തുനിന്നും 145 പേർ നൈഗർ സംസ്ഥാനത്തുനിന്നും ഉള്ളവരാണ്.

നൈഗർ സംസ്ഥാനത്തെ കെയ്ഞ്ചി ലേക്ക് നാഷണൽ പാർക്ക് വനമേഖലയിൽ നിന്നാണ് ഒരേ ദിവസത്തെ ഏകോപിത രഹസ്യാന്വേഷണ ഓപ്പറേഷനിലൂടെ ബന്ധികളെ മോചിപ്പിച്ചത്. നാഷണൽ കൗണ്ടർ ടെററിസം സെന്റർ, സായുധ സേന, പൊലീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സർവീസസ് എന്നിവർ സംയുക്തമായാണ് ഈ ചരിത്രപരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

ഫെബ്രുവരി മൂന്നിന് ക്വാര സംസ്ഥാനത്തെ ഗ്രാമങ്ങളിൽ ബോക്കോ ഹറാമുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിനിടയിലാണ് ഇത്രയധികം ആളുകളെ തട്ടിക്കൊണ്ടുപോയത്. ആ ആക്രമണത്തിൽ കുറഞ്ഞത് 200 പേർ കൊല്ലപ്പെട്ടിരുന്നു. മോചന വാർത്തയെ സ്വാഗതം ചെയ്ത പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, ധീരതയോടെ പ്രവർത്തിച്ച സുരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ചു. രാജ്യത്ത് മോചനദ്രവ്യത്തിനുവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും സായുധ സംഘങ്ങളുടെ ആക്രമണങ്ങളും വലിയൊരു പ്രതിസന്ധിയായി തുടരുന്നതിനിടയിലാണ് ഈ ആശ്വാസവാർത്ത പുറത്തുവരുന്നത്.

Tags

Share this story

From Around the Web