വൈദികരും സന്യസ്തരും ഉള്‍പ്പെടെ 260-ലേറെ സഭാശുശ്രൂഷകരെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട്

 
Nicragywae

മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. 

മനുഷ്യാവകാശ സംഘടനയായ 'കൊളെക്തീവൊ നിക്കരാഗ്വ നൂങ്ക മാസ്' ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 2022 മാർച്ചിൽ നാടുകടത്തപ്പെട്ട അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് വ്ലാഡിമർ സ്തനിസ്ലാവ് സൊമ്മെർതാഗും നൂറ്റിനാല്പതോളം വൈദികരും തൊണ്ണൂറോളം സന്ന്യാസിനികളും 3 ഡീക്കന്മാരും പത്തിലേറെ സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടുന്നു.

സഭയ്ക്കെതിരെയുള്ള ഈ നാടുകടത്തൽ നടപടിക്കു പുറമെ സഭാസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 2018-2025 വരെയുള്ള കാലയളവിൽ 5600-ലേറെ സംഘടനകൾ അടച്ചുപൂട്ടിയെന്നും ഇവയിൽ ഏതാണ്ട് 1300 എണ്ണം സന്യാസ സമൂഹങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നു.

 ക്രൈസ്തവ സന്നദ്ധ സംഘടനകളായി പ്രവര്‍ത്തിച്ച് വരികയായിരിന്ന എബനേസർ ക്രിസ്ത്യൻ മിഷ്ണറി ഫൗണ്ടേഷൻ, മതഗൽപയിലെ ഫണ്ടമെന്‍റല്‍ ബാപ്റ്റിസ്റ്റ് ചർച്ച് അസോസിയേഷൻ, നിക്കരാഗ്വേ ഫൗണ്ടേഷൻ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിന്നു.

രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ടായിരിന്നു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സഭാനിലപാടാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്.

 മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ കൊണ്ട് കുപ്രസദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയുടെ ഭരണകൂടം മനുഷ്യത്വരഹിതമായ ഇടപെടല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. 

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്

Tags

Share this story

From Around the Web