ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്കെതിരെ കൂടുതല്‍ പരാതികള്‍,ഇന്നലെ മാത്രം 20-ലേറെ പരാതി,രണ്ടും മൂന്നും ലക്ഷം രൂപ വീതം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതി

 
parvathy maya shaji

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്കെതിരെ കൂടുതല്‍ പരാതികള്‍. പാര്‍വതി അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. ഇന്നലെ മാത്രം 20-ലേറെ പേര്‍ പരാതിയുമായി എത്തിയതായാണ് വിവരം. വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് ഇനത്തില്‍ രണ്ടും മൂന്നും ലക്ഷം രൂപ വീതം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.


വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കിയെന്നും ജോലി ലഭിക്കാതെ വന്നതോടെ തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ചില പരാതികളില്‍ പറയുന്നു. പോളണ്ട്, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നാണ് നിലവില്‍ ലഭിച്ച പരാതികളില്‍ പറയുന്നത്. പൊലീസ് അന്വേഷണം കൂടുതല്‍ വിപുലീകരിക്കുകയാണ്.

അതേസമയം, പാര്‍വതി മായ ഷാജിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് നിലവില്‍ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. അര്‍മേനിയയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ വാങ്ങിയെന്ന കേസിലും പോളണ്ടിലെ വെയര്‍ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ വാങ്ങിയെന്ന കേസിലുമാണ് പാലാരിവട്ടം പൊലീസ് പാര്‍വതിയെ അറസ്റ്റ് ചെയ്തത്.
അര്‍മേനിയന്‍ കേസില്‍ പണം നല്‍കിയിട്ടും ജോലിയോ തുകയോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി. പോളണ്ട് കേസില്‍ പണം വാങ്ങിയ ശേഷം ജോലി നല്‍കാതെ പരാതിക്കാരനെ സെര്‍ബിയയിലേക്ക് അയച്ചെന്നും പരാതിയുണ്ട്. ഇരു കേസുകളിലും അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web