ലോകത്ത് 200 കോടിയിലധികം ആളുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ

വാഷിംഗ്ടണ്‍:ലോകത്ത് 200 കോടിയിലധികം ആളുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ. എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പുരോഗതി വളരെ മന്ദഗതിയിലാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ-ശിശു ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ നാലിലൊരാള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമായിരുന്നില്ല. 10 കോടിയിലധികം ആളുകള്‍ ഇപ്പോഴും നദികള്‍, കുളങ്ങള്‍, കനാലുകള്‍ തുടങ്ങിയ ഉപരിതല ജലത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളം, ശുചിത്വം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയിലെ പിന്നോക്കാവസ്ഥ കാരണം കോടിക്കണക്കിന് ആളുകള്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും പറഞ്ഞു.
2030-ഓടെ ഈ സേവനങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കാനുള്ള ലക്ഷ്യം ലോകം കൈവരിക്കുന്നതില്‍ നിന്ന് വളരെ അകലെയാണെന്ന് അവര്‍ സംയുക്ത പഠനത്തില്‍ ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യം വളരെ അകലയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ''വെള്ളം, ശുചിത്വം, ശുചീകരണം എന്നിവ ആനുകൂല്യങ്ങളല്ല. അവ അടിസ്ഥാന മനുഷ്യാവകാശങ്ങളാണ്.'' ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി വിഭാഗം മേധാവി റൂഡിഗര്‍ ക്രെച്ച് പറഞ്ഞു. ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കായി നമ്മള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിവെള്ള സേവനങ്ങളുടെ അഞ്ച് തലങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തത്. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളമാണ് ഏറ്റവും ഉയര്‍ന്നതലത്തില്‍. വീട്ടില്‍ തന്നെ ലഭ്യമാവുന്നതും ആവശ്യമുള്ളപ്പോള്‍ ലഭിക്കുന്നതും മലം, മറ്റ് രാസവസ്തുക്കള്‍ എന്നിവയില്‍ നിന്ന് മുക്തമായതുമായ കുടിവെള്ളത്തെയാണ് സൂചിപ്പിക്കുന്നത്.
2015 മുതല്‍ 96.1 കോടി ആളുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിച്ചിട്ടുണ്ട്. ഇത് 68% ശതമാനത്തില്‍ നിന്ന് 74% ശതമാനമായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സുരക്ഷിതമായ കുടിവെള്ള സൗകര്യങ്ങള്‍ ലഭിക്കാത്ത 210 കോടി ആളുകളില്‍ 10.6 കോടി ആളുകള്‍ ഉപരിതല ജലം ഉപയോഗിക്കുന്നവരാണ്. ഇത് കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് 6.1 കോടിയുടെ കുറവാണ്.
കുടിക്കാന്‍ ഉപരിതല ജലം ഉപയോഗിക്കുന്നതിനെ പൂര്‍ണ്ണമായി ഒഴിവാക്കിയ രാജ്യങ്ങളുടെ എണ്ണം 2015ലെ 142ല്‍ നിന്ന് 2024ല്‍ 154 ആയി വര്‍ദ്ധിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടി. 2024ല്‍, 89 രാജ്യങ്ങള്‍ക്ക് കുറഞ്ഞത് അടിസ്ഥാന കുടിവെള്ള സൗകര്യമെങ്കിലും സാര്‍വത്രികമായി ലഭ്യമായി. അതില്‍ 31 രാജ്യങ്ങള്‍ക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന സേവനങ്ങളും ലഭ്യമാണ്. നാലിലൊരാള്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 28 രാജ്യങ്ങള്‍ കൂടുതലും ആഫ്രിക്കയിലാണ്.
2015 മുതല്‍ 120 കോടി ആളുകള്‍ക്ക് സുരക്ഷിതമായ ശുചിത്വ സൗകര്യങ്ങള്‍ ലഭിച്ചു. ഇത് 48% ശതമാനത്തില്‍ നിന്ന് 58% ശതമാനമായി ഉയര്‍ന്നു. തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരുടെ എണ്ണം 42.9 കോടിയില്‍ നിന്ന് 2024ല്‍ 35.4 കോടിയായി കുറഞ്ഞു. ഇത് ആഗോള ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണ്. 2015 മുതല്‍ 160 കോടി ആളുകള്‍ക്ക് അടിസ്ഥാനപരമായ ശുചിത്വ സൗകര്യങ്ങള്‍ (സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനുള്ളത്) ലഭ്യമായി. ഇത് 66% ശതമാനത്തില്‍ നിന്ന് 80% ശതമാനമായി വര്‍ദ്ധിച്ചുവെന്ന് പഠനം കണ്ടെത്തി.