കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ സ്‌കൂളുകള്‍ക്ക് നേരെ നടന്നത് പതിനാലായിരത്തിലധികം ആക്രമണങ്ങള്‍: യൂണിസെഫ്

വത്തിക്കാന്‍:ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഘര്‍ഷബാധിതപ്രദേശങ്ങളിലെ പതിനാലായിരത്തിലധികം സ്‌കൂളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
സെപ്റ്റംബര്‍ 9-ന് ആചരിക്കുന്ന വിദ്യാഭ്യാസത്തെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസമേഖലയും അതുവഴി കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ശിശുക്ഷേമനിധി പ്രസ്താവന നടത്തിയത്.
2023-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സ്‌കൂളുകള്‍ക്കെതിരായ ആക്രമണങ്ങള്‍ 44 ശതമാനം വര്‍ദ്ധിച്ചുവെന്ന് യൂണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി ദിനം പ്രതി രണ്ട് സ്‌കൂളുകള്‍ വീതം ആക്രമണവിധേയമാകുന്നുണ്ടെന്ന് സംഘടന അറിയിച്ചു.
ഇപ്പോഴും തുടരുന്ന യുദ്ധത്തിന്റെ ഭാഗമായി ഗാസാ പ്രദേശത്തെ 95 ശതമാനം സ്‌കൂളുകളും ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച യൂണിസെഫ്, 2025 ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം കരീബിയന്‍ രാജ്യമായ ഹൈറ്റിയില്‍ 1600 സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. സുഡാനില്‍ തുടരുന്ന യുദ്ധം മൂലം അവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനത്തിലധികവും സ്‌കൂളുകളിലേക്കെത്തുന്നില്ലെന്ന് ശിശുക്ഷേമനിധി എഴുതി.
2022 മുതല്‍ നാളിതുവരെ ഉക്രൈനില്‍ മാത്രം 1700 സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, അവയില്‍ പലതും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അറിയിച്ച യൂണിസെഫ്, ഇത്തരം ആക്രമണങ്ങള്‍ സുരക്ഷിതമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശമാണ് നിഷേധിക്കുന്നതെന്ന് അപലപിച്ചു.
സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, കുട്ടികളെയും, സുരക്ഷിതമായ വിദ്യാഭ്യാസത്തിനായുള്ള അവരുടെ അവകാശത്തെയും നാം സംരക്ഷിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2020-ലാണ് വിദ്യാഭ്യാസത്തെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം സ്ഥാപിക്കപ്പെട്ടത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇത് ആചരിക്കപ്പെടുന്നത്.