ഇതുവരെ ചേര്‍ന്നത് 1.38 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍; പ്ലസ്വണ്‍ ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള സ്‌കൂള്‍ പ്രവേശന നടപടികള്‍ ഇന്ന് (ബുധനാഴ്ച) വൈകീട്ട് 5 മണിയോടെ അവസാനിക്കും. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റില്‍ ഇടംപിടിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് തന്നെ അതത് സ്‌കൂളുകളില്‍ എത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. തങ്ങള്‍ നല്‍കിയ ഓപ്ഷനുകളില്‍ ഒന്നാമത്തേത് തന്നെ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടത് നിര്‍ബന്ധമാണ്. ഒന്നാം ഓപ്ഷന്‍ അല്ലാതെ മറ്റ് ലോവര്‍ ഓപ്ഷനുകള്‍ ലഭിച്ചവര്‍ക്ക് ഫീസടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.
ഇവര്‍ക്ക് അടുത്ത അലോട്ട്മെന്റുകളില്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ അവസരമുണ്ടാകും. അലോട്ട്മെന്റ് ലഭിച്ചിട്ടും ഇന്ന് വൈകീട്ട് 5 മണിക്ക് മുന്‍പായി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ്. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഒന്നില്‍ക്കൂടുതല്‍ ജില്ലകളില്‍ ഒരേസമയം അലോട്ട്മെന്റ് ലഭിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യപ്രകാരം ഇഷ്ടമുള്ള ഒരു ജില്ലയിലെ സ്‌കൂളില്‍ പ്രവേശനം നേടാം. ഇത്തരത്തില്‍ ഒരു ജില്ലയില്‍ പ്രവേശനം നേടുന്നതോടെ ആ വിദ്യാര്‍ത്ഥിയുടെ മറ്റ് ജില്ലകളിലെ അലോട്ട്മെന്റുകള്‍ സ്വയമേവ റദ്ദാക്കപ്പെടും.
പ്രവേശനം നേടുന്ന ജില്ലയില്‍ ലഭിച്ചത് ഒന്നാം ഓപ്ഷന്‍ ആണെങ്കില്‍ സ്ഥിര പ്രവേശനവും, മറ്റ് ഓപ്ഷനുകള്‍ ആണെങ്കില്‍ താല്കാലിക പ്രവേശനവുമാണ് എടുക്കേണ്ടത്. ചൊവ്വാഴ്ച വൈകീട്ടുവരെ 1,38,071 പേരാണ് ആദ്യ അലോട്മെന്റ് പ്രകാരം സ്‌കൂളുകളില്‍ ചേര്‍ന്നത്. അതില്‍ 88,597 പേരുടേത് സ്ഥിരം പ്രവേശനമാണ്. ആദ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവര്‍ പ്രവേശനം ഇന്ന് അവസാനിച്ചതിന് ശേഷം വരുന്ന അടുത്ത ഘട്ട അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കേണ്ടതാണ്.