ലെയോ പാപ്പയുടെ സ്പെയിൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം: തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത് 12 ലക്ഷത്തിലധികം പേർ
ചരിത്രപ്രസിദ്ധമായ സ്പെയിൻ സന്ദർശനത്തിന്റെ രണ്ടാം ദിനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ. 2011 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മാഡ്രിഡിൽ നടന്ന ലോക യുവജനദിനത്തിൽ പങ്കെടുത്തതിനു ശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പ സ്പെയിൻ സന്ദർശനത്തിന് എത്തുന്നത്.
കോർപ്പൂസ് ക്രിസ്റ്റി തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും
ജൂൺ ഏഴിന് സിബെലെസ് സ്ക്വയറിൽ നടന്ന ‘കോർപ്പൂസ് ക്രിസ്റ്റി’ തിരുനാൾ ആഘോഷങ്ങൾക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും പരിശുദ്ധ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു. സംഘാടകരുടെ കണക്കുകൾ പ്രകാരം 12 ലക്ഷത്തിലധികം വിശ്വാസികളാണ് തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്.
“നമ്മുടെ ജീവിതത്തോടുള്ള വിശപ്പിന് അപ്പമായി മാറുന്ന, നമ്മുടെ ഹൃദയങ്ങളുടെയും ചരിത്രത്തിന്റെയും ഇരുണ്ട കോണുകളിൽപ്പോലും കടന്നുവരുന്ന ജീവിക്കുന്ന ദൈവമാണ് അവിടുന്ന്” – മാർപാപ്പ പറഞ്ഞു.
അതേസമയം, അൽക്കല സ്ട്രീറ്റിലൂടെ 600 മീറ്ററോളം നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകി. ഇരുവശങ്ങളിലുമായി മുപ്പതിനായിരത്തിലധികം പുഷ്പങ്ങൾ കൊണ്ട് തയ്യാറാക്കിയ 16 വലിയ പൂക്കളങ്ങൾ ദിവ്യകാരുണ്യം കടന്നുപോകുന്ന പാതയ്ക്ക് അലങ്കാരമായി.
കല-സാംസ്കാരിക-കായികമേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച
അപ്പസ്തോലിക് നൺഷ്യേച്ചറിൽ വച്ച് അഗസ്തീനിയൻ സമൂഹത്തിലെ വൈദികരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ, തുടര്‍ന്ന് മോവിസ്റ്റാർ അരീനയിൽ നടന്ന കല-സാംസ്കാരിക-കായികമേഖലകളിലെ പ്രമുഖരുടെ സംഗമത്തിലും പങ്കെടുത്തു. പതിനയ്യായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ഹോളിവുഡ് താരം അന്റോണിയോ ബന്ദേരാസ്, മൂന്ന് തവണ ലോക ബാഡ്മിന്റൺ ചാമ്പ്യനായ കരോലിന മാരിൻ എന്നിവരും സന്നിഹിതരായിരുന്നു.
മാഡ്രിഡ് ആർച്ച്ബിഷപ്പ് കർദിനാൾ ജോസ് കോബോയുടെ വസതിയിലെ അത്താഴവിരുന്നോടെയാണ് മാർപാപ്പയുടെ രണ്ടാം ദിവസത്തെ ഔദ്യോഗിക പരിപാടികൾ അവസാനിച്ചത്.