പീഡനങ്ങളില്‍ പതറാതെ ഇറാഖി ക്രൈസ്തവ ജനത.ഈശോയെ സ്വീകരിച്ച് ആയിരത്തിലധികം കുരുന്നുകള്‍

നിനവേ: മൊസൂളും നിനവേ പട്ടണങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്‌സ് പിടിച്ചെടുത്തിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴും പൂര്‍വ്വീകര്‍ തങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ സത്യ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇറാഖി ക്രൈസ്തവര്‍.
പ്രാദേശിക സംഘര്‍ഷത്തില്‍ നിന്നുള്ള പിരിമുറുക്കങ്ങളും പുതിയ നിരവധി വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ഇറാഖി പള്ളികളിലെ വിശ്വാസികളുടെ പ്രാതിനിധ്യം വളരെ വലുതാണെന്നാണ് മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'എസിഐ മെന' ഉള്‍പ്പെടെയുള്ള അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം കുരുന്നുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്.
ഏറെ ആഹ്‌ളാദാരവങ്ങളോടെയായിരിന്നു പ്രദേശവാസികള്‍ ആദ്യ കുര്‍ബാന സ്വീകരണം പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ചത്. ഇറാഖിന്റെ തലസ്ഥാനത്ത്, കല്‍ദായ ഇടവകകളില്‍ 50 കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. 32 പേര്‍ സിറിയന്‍ കത്തോലിക്കാ ഇടവകയില്‍ കൂദാശ സ്വീകരിച്ചു.
11 കുട്ടികള്‍ ഔര്‍ ലേഡി ഓഫ് ഡെലിവറന്‍സ് ദേവാലയത്തില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. 2010ല്‍ നിരവധി ക്രൈസ്തവ വിശ്വാസികളും രണ്ട് വൈദികരും കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭയാനകമായ ഇസ്ലാമിക് സ്റ്റേറ്റ്‌സ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച അതേ ദേവാലയത്തിലാണ് അനുഗ്രഹീതമായ ചടങ്ങ് നടന്നത്.
മൊസൂളിലെ സിറിയന്‍ കത്തോലിക്ക അതിരൂപതയിലും ആശ്രിത പ്രദേശങ്ങളിലും ഉള്‍പ്പെടുന്ന ഖാരാഖോഷ് (ബാഗ്‌ദേദ) പള്ളികളിലും മൂന്ന് വ്യത്യസ്ത ചടങ്ങുകളിലായി 461 കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു.
സമീപത്തുള്ള ബാഷിക്കയിലും ബാര്‍ട്ടല്ലയിലും ആര്‍ച്ച് ബിഷപ്പ് ബെനഡിക്ടസ് യൂനാന്‍ ഹാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ 30 കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മൂന്ന് ദേവാലയങ്ങളിലായി നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വാര്‍ദ 210 കുട്ടികള്‍ക്ക് ആദ്യമായി ഈശോയേ സമ്മാനിച്ചു.
കൊടിയ പീഡനങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇറാഖി ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയുടെ പ്രകടമായ സാക്ഷ്യമായാണ് ആദ്യ കുര്‍ബാന സ്വീകരണത്തിലെ വിശ്വാസികളുടെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്.